Skip to main content

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

നാളുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിലെ കുരുന്നുകൾ. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാൻ ശബ്ദവും സാമീപ്യവും അവർക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാർഥികളെ  മധുരം നൽകിയാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികൾ പങ്കുവെച്ചും കുട്ടികൾ  പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം സീരിയൽ ആർട്ടിസ്റ്റ് മനീഷാ മഹേഷ്  ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക്  മധുരം നൽകി മനീഷയും സന്തോഷത്തിൽ പങ്കുചേർന്നു.
ഈ അധ്യയന വർഷത്തിൽ പുതുതായി പ്രവേശനം നേടിയ അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 60 വിദ്യാർഥികളാണ് നിലവിൽ വിദ്യാലയത്തിലുള്ളത്. വിദ്യാർഥികൾക്കു താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഏഴാം തരം വരെയുള്ള കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ മറ്റു മൂന്നു സമീപ ജില്ലകളിലെ വിദ്യാർഥികളും ഇവിടെയുണ്ട്.  
പ്രഥമാധ്യാപകൻ ബി. വിനോദ്, പി.ടി.എ. പ്രസിഡന്റ് ജയലക്ഷ്മി, ക്ലസ്റ്റർ കോർഡിനേറ്റർ ജിലു, എസ്.എസ്.ആർ.ജി കൺവീനർ എസ്. സതീഷ്, സ്റ്റാഫ് സെക്രട്ടറി ഹബി എ, സീനിയർ അസിസ്റ്റന്റ് സ്മിത ടൈറ്റസ് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 2292/2022

date