Skip to main content

അസ്വാഭാവിക മരണങ്ങളിലെ രാത്രികാല ഇന്‍ക്വസ്റ്റ് എസ്എച്ച്ഒ മാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ കര്‍ശനമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, രാത്രി സമയങ്ങളില്‍ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്തുന്ന എല്ലാ എസ്എച്ച്ഒ മാരും അന്വേഷണ ഉദ്യോഗസ്ഥരും കര്‍ശനമായി പാലിക്കേണ്ട  മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പോലീസ് സ്റ്റേഷനില്‍ ഒരു അസ്വാഭാവിക മരണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, രാത്രികാലങ്ങളില്‍ ഫലപ്രദമായും കൃത്യമായും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മതിയായ വെളിച്ചമില്ല എന്ന കാരണത്താല്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിനും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൈമാറുന്നതിനും ഒരു കാരണവശാലും കാലതാമസമോ തടസ്സമോ ഉണ്ടാകരുത്.
രാത്രി സമയങ്ങളില്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ തീവ്രതയുള്ള ലൈറ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള അനുബന്ധ ചെലവുകള്‍ വഹിക്കുന്നതിനും ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഉചിതമായ ബജറ്റ് വിഹിതം ഉപയോഗിച്ച് ജില്ലാ പോലീസ് മേധാവികള്‍ നടപടിയെടുക്കണം. ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അസ്വാഭാവിക മരണ കേസുകളില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൈമാറുന്നതിന് നാല് മണിക്കൂറിനുള്ളില്‍ എസ്എച്ചഒ മാര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണം.
അന്വേഷണത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വിശദമായ ഇന്‍ക്വസ്റ്റ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കാരണങ്ങള്‍ രേഖാമൂലം രേഖപ്പെടുത്തിയ ശേഷം ഏറ്റെടുക്കേണ്ടതാണ്. അസ്വാഭാവിക മരണക്കേസുകളില്‍ മരണപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും, ആവശ്യമെങ്കില്‍, 'പോസ്റ്റുമോര്‍ട്ടത്തിനുശേഷം' മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി നിരീക്ഷിച്ച് ഉറപ്പ് വരുത്തണം.  വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം അനുവദിച്ച് 2015 ഒക്ടോബര്‍ 26ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട്ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി
ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണങ്ങളിലെ രാത്രികാല ഇന്‍ക്വസ്റ്റ് വിഷയത്തില്‍ എസ്എച്ച്ഒ മാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ കര്‍ശനമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്

date