Skip to main content

തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു

 

 

സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍ തവനൂരില്‍ ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. തവനൂര്‍ കെ.എം.ജി.യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങിൽ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. അധ്യക്ഷനായി.

 

മുഖ്യരക്ഷാധികാരിയായി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെയും രക്ഷാധികാരികളായി എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീറിനേയും അബ്ദുസ്സമദ് സമദാനിയെയും ചെയര്‍മാനായി ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ.യെയും ജനറല്‍ കണ്‍വീനറായി ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് കെ.വി. ബൈജുവിനെയും തെരഞ്ഞെടുത്തു.

 

തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, ഉത്തരമേഖല ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹന്‍ദാസ്, തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് കെ.വി. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

 

സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തെ സെന്‍ട്രല്‍ ജയിലാണിത് തവനൂരിലേത്. മറ്റ് മൂന്ന് ജയിലുകളില്‍നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിര്‍മാണം. 'യു' ആകൃതിയില്‍ മൂന്ന് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്.706 തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

 

 പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, ജയില്‍ ഡി.ജി.പി. സുധേഷ്‌കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും. ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ.അധ്യക്ഷനാവും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ ഒന്‍പത് മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും.

 

date