Skip to main content

പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ സ്കൂൾ പുസ്തകങ്ങളിൽ ഉൾപ്പെടുത്തും :മന്ത്രി വി. ശിവൻകുട്ടി

**ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ  നടപ്പാക്കുന്ന  ജില്ലാതല പച്ചതുരുത്ത് പദ്ധതി  മന്ത്രി ഉദ്ഘാടനം ചെയ്തു

പ്രകൃതി സംരക്ഷണം വിദ്യാർത്ഥികളുടെ പഠന പ്രക്രിയയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകങ്ങളിൽ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്ന ഭാഗങ്ങൾ ഉൾപെടുത്തുമെന്നും മന്ത്രി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ജില്ലാതല പച്ചതുരുത്ത് പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ആവശ്യകതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൃക്ഷത്തൈ നടീലും, വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ ഇടങ്ങളിൽ 44 പച്ചത്തുരുത്തുകളുടെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം ജില്ലയിൽ 52 തദ്ദേശഭരണ സ്ഥാപനങ്ങളിലായി  4.12 ഏക്കർ സ്ഥലത്ത് 115 പച്ചത്തുരുത്തുകളാണ് ആകെ സ്ഥാപിക്കുന്നത്.

വനവൽക്കരണം ലക്ഷ്യമിട്ട് 2019ൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ കീഴിൽ ഇതുവരെ 340 പച്ചത്തുരുത്തുകൾ നിർമ്മിച്ചു. ഇതിൽ 94 ശതമാനം പച്ചത്തുരുത്തുകൾ സുരക്ഷിതമാണെന്നും മറ്റുള്ളവയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി.ഹുമയൂൺ അറിയിച്ചു. 2022 ഡിസംബറോടെ ജില്ലയിൽ 500 പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ജൂൺ 6) എല്ലാ വിദ്യാലയങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.

ധനുവച്ചപുരം എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും  പങ്കെടുത്തു.

date