Skip to main content

റസ്റ്റ് ഹൗസുകളുടെ പരിപാലനം യുവാക്കളെ ഏൽപ്പിക്കും : മന്ത്രി മുഹമ്മദ് റിയാസ്

 

യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകൾ പരിപാലിക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതി തൈക്കാട് റസ്റ്റ് ഹൗസിൽ തൈ നട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയ്യായിരുന്നു  അദ്ദേഹം.റസ്റ്റ്‌ ഹൗസുകൾ ഭക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തി കൂടുതൽ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏതു പദ്ധതി നടപ്പക്കുമ്പോഴും അതിന്റെ പരിപാലനമാണ് മുഖ്യം. അതുകൊണ്ടാണ് റസ്റ്റ് ഹൗസുകളുടെ പരിപാലനത്തിൽ യുവാക്കളുടെ സഹകരണം തേടാൻ ഉദ്ദേശിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഇക്കാര്യം ഉടൻ ചർച്ച ചെയ്യും. സർക്കാരിന് എല്ലാ പദ്ധതികളും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ് റെസ്റ്റ് ഹൗസുകളിൽ വച്ചു പിടിപ്പിക്കുക. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റെസ്റ്റ് ഹൗസുകളിൽ വരും ദിവസങ്ങളിൽ ഇതൊടനുബന്ധിച്ചുള്ള തുടർ പ്രവർത്തനങ്ങൾ നടക്കും.

പി.എൻ.എക്സ്. 2383/2022

date