Skip to main content

  'വൃക്ഷസമൃദ്ധി'; വൃക്ഷതൈ വിതരണം തുടങ്ങി ആഗോളതാപനത്തെ ചെറുക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: മാനവരാശി നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം ആഗോളതാപനമാണെന്നും ഇതിനെ ചെറുക്കാൻ നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'വൃക്ഷസമൃദ്ധി' പദ്ധതിയിൽ ഉൽപാദിപ്പിച്ച വൃക്ഷതൈകളുടെ ജില്ലാതല വിതരണം, തൈനടീൽ,

വനമഹോൽസവം എന്നിവയുടെ ഉദ്ഘാടനം അതിരമ്പുഴ വേദവ്യാസഗിരിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പരിസ്ഥിതി ദിന സന്ദേശം നൽകി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ മന്ത്രിയിൽ നിന്നും വൃക്ഷതൈ ഏറ്റുവാങ്ങി.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, വനം വികസന കോർപറേഷൻ ചെയർപേഴ്‌സൻ ലതികാ സുഭാഷ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ഗ്രാമപഞ്ചായത്തംഗം ജോജോ ജോർജ്,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ,  തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.എസ്. ഷിനോ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഹുൽ ജി. കൃഷ്ണൻ, ജില്ലാ ട്രീ കമ്മിറ്റി അംഗം കെ. ബിനു എന്നിവർ പങ്കെടുത്തു. 

'ഒരേയൊരു ഭൂമി' എന്നതാണ് 2022 ലെ ലോക പരിസ്ഥിതിദിന സന്ദേശം. വൃക്ഷസമൃദ്ധി പദ്ധതിയിലൂടെ ജില്ലയിൽ ഉൽപാദിപ്പിച്ച 2.40 ലക്ഷം വൃക്ഷ തൈകൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് പദ്ധതി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്വകാര്യഭൂമിയിലും നട്ടുപരിപാലിക്കുകയാണ് ലക്ഷ്യം. പ്ലാവ്, നെല്ലി, ചാമ്പ, പേര, ആര്യവേപ്പ്, കറിവേപ്പ്, നാരകം, കുടംപുളി, വാളംപുളി, മാതളം, മാവ്, മുള, ഈട്ടി, മുരിങ്ങ, മഹാഗണി, വാക, കടുക്ക, അമുക്കരം, റംബൂട്ടാൻ, ദന്തപാല, ഊങ്ങ്, കൂവളം, അശോകം, സീതാപ്പിൾ എന്നിവയുടെ തൈകളാണ് ഉൽപാദിപ്പിച്ചത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും കുടുംബശ്രീയും തൈകളുടെ വിതരണത്തിനും സംരക്ഷണത്തിനും നടപടി സ്വീകരിക്കും.

ഫോട്ടോകാപ്ഷൻ

വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'വൃക്ഷസമൃദ്ധി' പദ്ധതിയിൽ ഉൽപാദിപ്പിച്ച വൃക്ഷതൈകളുടെ വിതരണം,  തൈനടീൽ, വനമഹോൽസവം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം അതിരമ്പുഴ വേദവ്യാസഗിരിയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

വനംവകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'വൃക്ഷസമൃദ്ധി' പദ്ധതിയിൽ ഉൽപാദിപ്പിച്ച വൃക്ഷതൈകളുടെ ജില്ലാതല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജനു നൽകി സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.

 

(കെ.ഐ.ഒ.പി.ആർ 1339/2022) 

date