Skip to main content

മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്ത് ജൈവ വൈവിധ്യ സമ്പന്നം 

 

 

ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്തിലാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്. പാലപ്പുഴ അയ്യപ്പൻകാവ് പച്ചത്തുരുത്തിൽ എരിഞ്ഞി തൈ നട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തുരുത്തിൽ ഞാവൽ തൈ നട്ടുപിടിപ്പിച്ചു.

2019-20 വർഷത്തിൽ ആരംഭിച്ച അയ്യപ്പൻകാവ് പച്ചതുരുത്തിൽ അഞ്ച് ഏക്കർ സ്ഥലത്താണ് നിലവിൽ വൃക്ഷങ്ങൾ നട്ടുപിടിച്ചിട്ടുള്ളത്. 136 ഏക്കറിൽ പച്ചത്തുരുത്ത് ഉൾപ്പെടെ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അത്യപൂർവ്വമായ സസ്യ-ജന്തു-ശലഭ-മത്സ്യ-വൈവിധ്യത്തിന്റെ കേന്ദ്രമാണിത്. നീർമരുത്, പേര, താന്നി, ചുവന്ന മന്ദാരം, ഞാവൽ, മണിമരുത്, കുളിർമാവ്, ചേറ്, എടന, ഉപ്പില, അശോകം, വെള്ളപ്പൈൻ, പാറകം, ആഞ്ഞിലി പ്ലാവ്, കണിക്കൊന്ന, അത്തി, നീർമാതളം, മുരിങ്ങ, നെല്ലി, വേപ്പ്, ഉങ്ങ്, ദന്തപ്പാല, കരിങ്ങോട്ട, കൊമ്പിൽ എന്നീ വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. പ്രകൃതിഭംഗിയാൽ സമ്പന്നമാണ് ഇവിടം. മുഴക്കുന്ന് പഞ്ചായത്ത് ശാസ്ത്രീയ സർവ്വേ നടത്തി അതിരിട്ട് സംരക്ഷിച്ച പ്രദേശമാണിത്. കേരളത്തിൽ മറ്റൊരു പഞ്ചായത്തിനുമില്ലാത്ത ഏറ്റവും വലിയ പച്ചത്തുരുത്തിനെ മികച്ച രീതിയിൽ ഒരുക്കാൻ, ഡി പി ആർ  തയ്യാറാക്കുന്നതിനുൾപ്പെടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരികയാണ്. പ്രാദേശിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ കൂടി മുന്നിൽ കണ്ടുകൊണ്ട് കേരളത്തിന് തന്നെ മാതൃകയാവുന്ന വേറിട്ട പദ്ധതിയാണ് പച്ചത്തുരുത്ത് വിഭാവനം ചെയ്യുന്നത്

date