Skip to main content

ജില്ലയില്‍ ഇന്ന് (ജൂലൈ 5) സമഗ്ര ശുചീകരണ യജ്ഞം

 

ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) ജില്ലയൊട്ടാകെ സമഗ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലയെ പകര്‍ച്ച വ്യാധി മുക്തമാക്കുന്നതുള്‍പ്പെടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ഹീല്‍ ദൈ തൃശൂര്‍ (Heal thy thrissur) സുരക്ഷാ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയും അവയുടെ പരിസരങ്ങളും മാലിന്യ മുക്തമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ക്യാപയിന്‍ വിജയിപ്പിക്കുന്നതിനായി ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും ജില്ലയിലെ മന്ത്രിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. 

മഴക്കാലംകൂടി വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊതുകുകളുടെ ഉറവിട നശീകരണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. മഴക്കാലപൂര്‍വ്വ ശുചീകരണം എന്ന രീതിയില്‍ റോഡിന്റെ ഇരുവശങ്ങള്‍, പൊതു ഇടങ്ങള്‍, ബീച്ചുകള്‍, ജലസ്രോതസ്സുകള്‍ തുടങ്ങിയവയെല്ലാം മാലിന്യ മുക്തമാക്കും. അതോടൊപ്പം പകര്‍ച്ച വ്യാധികള്‍ക്ക് പ്രധാനമായും കാരണമാകുന്ന കൊതുകുകള്‍, എലികള്‍, പെരുച്ചാഴികള്‍ തുടങ്ങിയവയെ തുരത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ഇക്കാര്യത്തില്‍ വീട്ടുകാര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയ-മത സംഘടനകള്‍, യുവജന സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും രംഗത്തിറങ്ങണം. മഴക്കാലത്തിന് മുന്നോടിയായി ഓടകള്‍ ഉള്‍പ്പെടെ വൃത്തിയാക്കുകയും അപകടസാധ്യതയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുകയും ചെയ്യണം.

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്‌കൂള്‍ പരിസരങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍, കാടുമൂടിക്കിടക്കുന്ന ഇടങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ അവ വൃത്തിയാക്കണം. സ്‌കൂള്‍ കോംപൗണ്ടിലെ പാഴ് വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങള്‍ ശുചീകരിക്കുകയും ഉപയോഗ ശൂന്യമായ വാഹനങ്ങളും മറ്റും നീക്കം ചെയ്യുകയും വേണം. കൊതുകുകള്‍ വളരാന്‍ അവസരമൊരുക്കുന്ന രീതിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും പ്രത്യേകം ശുചീകരിക്കണം.

date