Skip to main content

വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം:  ജില്ലാ മെഡിക്കൽ ഓഫീസർ 

ആലപ്പുഴ: ജില്ലയില്‍ 685 പേർക്ക് വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വർഗീസ് അറിയിച്ചു. ആഹാരം, വെള്ളം എന്നിവ വൃത്തിഹീനമാകുന്നതു കൊണ്ടും  പഴകിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നമൂലവും ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ ബാധിക്കാനിടയുള്ളതിനാൽ ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച കടക്കാനിടയുള്ളതും തുറന്നു വച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കരുത്. കഴിയുന്നതും വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക. പുറത്തു നിന്നും ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്നു മാത്രം കഴിക്കുക. പൂപ്പല്‍ ബാധിച്ച ഭക്ഷ്യ വസ്തുക്കള്‍ കഴിക്കരുത്. പാതിവെന്ത ഇറച്ചി/മുട്ട എന്നിവ ഉപയോഗിച്ച് തയ്യാറാക്കാനിടയുള്ള ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കണം. പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ശ്രദ്ധിക്കണം. 
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുക. പഴകിയ മത്സ്യം/മാംസം/പച്ചക്കറികള്‍ തുടങ്ങിയവ ഒരു കാരണവശാലും ഉപയോഗിക്കരുത്. ജ്യൂസ്/സാലഡ്/ഐസ്‌ക്രീം തുടങ്ങിയ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. പാകം ചെയ്യാന്‍ തയ്യാറാക്കി വച്ചിരിക്കുന്ന മത്സ്യ മാംസാദികള്‍, പച്ചക്കറികള്‍, കുടിവെള്ളം, പാകം ചെയ്ത ഭക്ഷണ വസ്തുക്കള്‍ എന്നിവ ഈച്ചകടക്കാത്ത വിധം അടച്ചു സൂക്ഷിക്കണം. 

ആഹാരം പാകം ചെയ്യുന്നവര്‍ വ്യക്തിശുചിത്വം ഉറപ്പാക്കണം. കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം പാചക ജോലികള്‍ ചെയ്യുക. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കയ്യിലെ നഖങ്ങള്‍ അഴുക്കില്ലാത്ത വിധം വെട്ടി വൃത്തിയാക്കി സൂക്ഷിക്കണം. പാചക ജോലി ചെയ്യുന്നവര്‍ക്ക് വയറിളക്കം/പനി തുടങ്ങിയ രോഗങ്ങളുണ്ടെങ്കില്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കണം. 

റഫ്രിജറേറ്ററുകളില്‍ മത്സ്യ-മാംസാദികള്‍ സൂക്ഷിക്കുന്ന പക്ഷം കൃത്യമായ താപനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പഴകിയ ഭക്ഷ്യ വസ്തുക്കള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്. റഫ്രിജറേറ്റര്‍ ഇടയിക്കിടെ വൃത്തിയാക്കണം.

ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തിയുള്ള വെള്ളത്തില്‍ കഴുകണം. കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷണം പാകം ചെയ്യുന്നയിടങ്ങളില്‍ ഈച്ചശല്യം വരാതെ സൂക്ഷിക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു.

date