Skip to main content

പെണ്‍രക്ഷയ്ക്കായി ഇനി 'ധീര'; ജില്ലയില്‍ നിന്ന് മൂന്ന് തദ്ദേശ സ്ഥാപനങ്ങള്‍

 

അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'ധീര' പദ്ധതിയില്‍ ഉള്‍പ്പെട്ട് ജില്ലയില്‍ നിന്ന് മൂന്ന് തദ്ദേശ സ്ഥാപനങ്ങള്‍. 
കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി, ചാവക്കാട്, അതിരപ്പിള്ളി എന്നീ ഐസിഡിഎസ് പ്രോജക്ടിലെ പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10-15 വയസിന് ഇടയിലുള്ള 30 വീതം പെണ്‍കുട്ടികള്‍ക്ക് കരാട്ടെ, തായ്കൊണ്ട, കളരി എന്നിവയില്‍ പരിശീലനം നല്‍കും. ഏകദേശം 10 മാസക്കാലയളവില്‍ ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ വീതം ഓരോ മണിക്കൂര്‍ വച്ചാണ് പരിശീലനം. 

മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് 'ധീര' പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് മൂന്ന് വീതം തദ്ദേശ സ്ഥാപനങ്ങളെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തദ്ദേശസ്ഥാപനത്തില്‍ നിന്ന് 30 പെണ്‍കുട്ടികള്‍ എന്ന നിലയില്‍ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത 90 പെണ്‍കുട്ടികള്‍ക്കാണ് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ആര്‍ജ്ജിക്കാനുള്ള പരിശീലനം നല്‍കുന്നത്. 

അതത് തദ്ദേശ സ്ഥാപനങ്ങളിലെ കൗമാരക്ലബ്ബുകള്‍ വഴി പ്രാഥമിക അന്വേഷണം നടത്തി തയ്യാറാക്കിയ പട്ടികയില്‍നിന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. പരിശീലനത്തിനായി ആകെ 68 ലക്ഷം രൂപ സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ട്. ജില്ലാതലത്തിലോ പ്രാദേശിക തലത്തിലോ ആയോധനകലകള്‍ അഭ്യസിപ്പിക്കുന്ന പരിശീലകര്‍, സംഘടനകള്‍, പൊലീസ് വകുപ്പില്‍ പരിശീലനം ലഭിച്ചവര്‍ തുടങ്ങിയവരില്‍ നിന്നാണ് ധീരയിലേയ്ക്ക് പരിശീലകരെ കണ്ടെത്തുന്നത്.

date