Skip to main content

വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചു ശ്രമിക്കണം- എം.കെ. രാഘവൻ എം.പി

 

 

 

രാമനാട്ടുകര നഗരസഭാ വികസന സെമിനാർ നടത്തി

വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രസ്ഥാനങ്ങൾ ഒന്നിച്ച് ശ്രമിക്കണമെന്ന് എം.കെ. രാഘവൻ എം.പി. രാമനാട്ടുകര നഗരസഭയുടെ 2022-23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പദ്ധതി രൂപീകരണത്തിൽ വിദ്യാഭ്യാസം മാലിന്യസംസ്കരണം, കുടിവെള്ളം, ഡ്രെയിനേജ് സിസ്റ്റം തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.

ആരോഗ്യ- വിദ്യാഭ്യാസ രംഗം, കാർഷിക മേഖല, മാലിന്യ സംസ്കരണം, പശ്ചാത്തല സൗകര്യം, തൊഴിൽ സുരക്ഷ, ജൈവ കൃഷി തുടങ്ങിയ മേഖലകളിലും ശ്രദ്ധ ചെലുത്തണം. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യം നൽകുന്നതിനായി പ്രത്യേക കോച്ചിംഗ് നൽകണം. ക്യാൻസർ പോലെയുള്ള രോഗങ്ങൾ തടയുന്നതിനായി നഗരസഭയിലെ ജനങ്ങൾക്കിടയിൽ  ജൈവ കാർഷിക സമ്പ്രദായം വളർത്തുന്നതിനു സഹായിക്കുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു മാലിന്യസംസ്കരണത്തിൽ വേറിട്ടുനിൽക്കുന്ന നഗരങ്ങളിലെ സംസ്കരണ രീതിയെക്കുറിച്ച് പഠിക്കുകയും അത്തരത്തിലൊരു മാലിന്യസംസ്കരണരീതി നഗരസഭയിൽ നടപ്പിലാക്കണമെന്നും എം.പി പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ ബുഷ്റ റഫീഖ് അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി പി.ജെ. ജസിത റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ. സുരേഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.എം. പുഷ്പ, കെ.എം. യമുന, പി.കെ. അബ്ദുൽ ലത്തീഫ്, സഫ റഫീഖ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം.കെ. മുഹമ്മദലി കല്ലട, കൗൺസിലർമാരായ എം.കെ. ഗീത, അനിൽകുമാർ മേലാത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സാജിലത, മുൻ മുൻസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഹംസക്കോയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ട സേവനം നൽകിയവർക്കുള്ള ആദരവും അനുമോദനവും നടന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി. നദീറ സ്വാഗതവും നഗരസഭാ സൂപ്രണ്ട് സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.

date