Skip to main content

അഴക് പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം മേയർ നിർവഹിച്ചു

 

 

 

കോഴിക്കോട് കോർപ്പറേഷൻ ശുചിത്വ പെരുമാറ്റചട്ടത്തിൻ്റെ ഭാഗമായി ആരംഭിച്ച അഴക് പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. പഴയ കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഢി തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. 

കോഴിക്കോട് നഗരത്തിന്റെ സാംസ്കാരിക പൈതൃകവും പ്രത്യേകതകളും നിലനിർത്തിക്കൊണ്ട് വിശ്വനഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ വിദഗ്ധരുടെ സഹായത്തോടെ രൂപപ്പെടുത്തിയ ശുചിത്വ പെരുമാറ്റചട്ടം എന്ന ആശയത്തിന്റെ ഭാ​ഗമായാണ് അഴക് പദ്ധതി നടപ്പിലാക്കുന്നത്. ഏഴഴകിലേക്കെൻ കോഴിക്കോട് എന്ന തലവാചകത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. 

'എ മാസ് ഇനീഷ്യേറ്റീവ് ഫോർ സീറോ വേസ്റ്റ് എൻഹാൻസിംഗ് ഹാപ്പിനെസ് ഇൻഡക്സ് ആൻഡ് ആറ്റിറ്റ്യൂഡിനൽ ചേഞ്ച് ഇൻ വേസ്റ്റ് മാനേജ്മെന്റ് ഇൻ കോഴിക്കോട്' (AZHAK) എന്നതാണ് അഴകിന്റെ പൂർണ്ണരൂപം. ശുചിത്വ നഗരം എന്ന ആശയം യാഥാർഥ്യമാകണമെങ്കിൽ ജനകീയ ഇടപെടലുകൾ വേണം. വരുന്ന മൂന്ന് വർഷക്കാലം കൊണ്ട് കോഴിക്കോട് നഗരത്തെ ശുചിത്വ സുന്ദരമാക്കി തീർക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഓഫീസ് നിർമിച്ചത്.

ചടങ്ങിൽ അഴക് മിഷന്റെ ഭാവിപ്രവർത്തന പരിപാടികളെക്കുറിച്ച് ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ വിശദീകരിച്ചു. മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഒ.പി. ഷിജിന, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ, മരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.സി. രാജൻ, നഗരാസൂത്രണ സമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി, നികുതി അപ്പീൽ സ്ഥിരംസമിതി ചെയർമാൻ പി.കെ. നാസർ, വിദ്യാഭ്യാസ- കായിക കാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സി. രേഖ, കോർപറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി സ്വാഗതവും അഡീഷണൽ സെക്രട്ടറി കെ. മനോഹർ നന്ദിയും പറഞ്ഞു.

date