Skip to main content

പ്രാദേശിക ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 

 

 

ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 12) പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പ്രാദേശിക ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നത്. കടലുണ്ടിയിൽ ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ചടങ്ങ് നടത്തുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷനോടൊപ്പം ചേർന്ന് പ്രാദേശിക ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ഉത്തരവാദിത്ത ടൂറിസം അവബോധം സൃഷ്ടിക്കുക, പ്രദേശത്തിന്റെ കല, സംസ്കാരം എന്നിവയെല്ലാം തനത് രീതിയിൽ നിലനിർത്തിക്കൊണ്ടുള്ള ടൂറിസം സംസ്കാരം വളർത്തിയെടുക്കുക, ഡെസ്റ്റിനേഷനുകളെ മാലിന്യ വിമുക്തമാക്കുക, ഡെസ്റ്റിനേഷനുകളെ ഹരിത പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുക ഇവയെല്ലാം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകൾ വഴി നടപ്പാക്കുവാനാണ് ലക്ഷ്യം വെക്കുന്നത്.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു ക്ലബ് എന്ന നിലയിൽ മൂന്നു വർഷക്കാലം കൊണ്ട് 1000 ക്ലബ്ബുകൾ രൂപീകരിക്കുകയാണ് ലക്ഷ്യം. ഈ സാമ്പത്തിക വർഷം മാത്രം 100 ക്ലബ്ബുകളുടെ രൂപീകരണമാണ് ലക്ഷ്യമിടുന്നത്. 

ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകൾക്ക് ടൂറിസം മേഖലയിലെ വിവിധ സംരഭകത്വ വികസന സാദ്ധ്യതകളിലും ബിസിനസ് സംരംഭങ്ങളിലും  ഏർപ്പെടാനുള്ള പരിശീലനവും ഉത്തരവാദിത്ത ടൂറിസം മിഷൻ ലഭ്യമാക്കും. ഇത്തരം ക്ലബ്ബുകളുടെ ഒരു നെറ്റ്‌വർക്ക് രൂപീകരിച്ചുകൊണ്ട് കേരളത്തിനുള്ളിലെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും ലകഷ്യമിടുന്നു.  

വൈകീട്ട് 8 മണിക്ക്  കടലുണ്ടി സിപ്പക്സ് ഓഡിറ്റോറിയത്തിൽ വെച്ച്  നടക്കുന്ന ചടങ്ങിൽ ബേപ്പൂരിലെ വിവിധ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ ഉദ്ഘാടനവും നടക്കും. പരിപാടിയിൽ ആദ്യത്തെ ഉത്തരവാദിത്വ ടൂറിസം ക്ലബ്ബിന്റെയും യൂണിറ്റുകളുടെയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

date