Skip to main content

കേരളത്തിലെ പൊതുജനാരോഗ്യസമ്പ്രദായം ഏറെ മികച്ചത് - മന്ത്രി മുഹമ്മദ്‌ റിയാസ്‌ 

 

 

 

കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായം ഏറെ മികച്ചതാണെന്നും  ജനപങ്കാളിത്തത്തോടെ അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ   സാധിക്കണമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആരോഗ്യ വകുപ്പിന്റെയും ദേശീയാരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക്‌ ലെവൽ ആരോഗ്യ മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 109 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ സജ്ജീകരിക്കുന്നുണ്ട്. ഇവിടങ്ങളിൽ കുടുംബക്ഷേമ പ്രവർത്തനങ്ങൾ, രോഗപ്രതിരോധ .പ്രവർത്തനങ്ങൾ, ജീവിതശൈലീ രോഗനിയന്ത്രണ ക്ലിനിക്കുകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. 

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക് ലെവൽ ആരോഗ്യ മേളകൾ സംഘടിപ്പിക്കുന്നത്.ജില്ലയിലെ 12 ബ്ലോക്കുകളിലും ആരോഗ്യമേളകൾ നടത്തും.ആരോഗ്യവകുപ്പിനു കീഴിലുള്ള സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം വിവിധ ആരോഗ്യസേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനു കൂടിയാണിത്.  

ജനറൽ മെഡിസിൻ, ഇ എൻ ടി, ഗൈനക്കോളജി,ആയുർവേദ-ഹോമിയോ ഒ പി, ശിശുരോഗ വിഭാഗം, ചർമരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഇ സഞ്ജീവനി,  കൗൺസിലിംഗ്, ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, സർവിക്കൽ കാൻസർ പരിശോധന, കണ്ണിലെ പ്രമേഹരോഗ നിർണയം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ, എം വി ആർ ക്യാൻസർ സെന്ററിന്റെ സേവനങ്ങൾ, വിവിധ ആരോഗ്യ പദ്ധതികളും സേവനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഐ ഇ സി ആരോഗ്യ പ്രദർശനം, വീഡിയോ റൂം, എച്ച് ഐ വി പരിശോധന, കോവിഡ് വാക്സിനേഷൻ ഹെൽപ് ഡെസ്ക് സേവനങ്ങളും മേളയിൽ സജ്ജീകരിച്ചിരുന്നു. ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന ആരോഗ്യമേളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹെൽത്തി ഫുഡ്സ്റ്റാൾ, ചെറുവണ്ണൂർ പ്രദേശത്തെ അന്ധരായ ആളുകൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ വിപണന സ്റ്റാൾ, പെയിന്റിംഗ് എന്നിവയും സംഘടിപ്പിച്ചു. 446 പേർ പങ്കെടുത്തു.

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ. നവീൻ ആരോഗ്യമേളയെക്കുറിച്ച് വിശദീകരിച്ചു.

 എം.കെ രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്.ജയശ്രീ, കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ, കൗൺസിലർ ഷീബ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ഉമ്മർ ഫാറൂഖ്, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കവിത പുരുഷോത്തമൻ, ഐ എസ് എം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എം.മൻസൂർ തുടങ്ങിയവർ സംസാരിച്ചു.

date