Skip to main content

പ്രവാസ ലോകത്തിന് കേരളം നൽകുന്നത് വലിയ സംഭാവന - മന്ത്രി മുഹമ്മദ് റിയാസ്

 

 

'പ്രവാസവും വികസനവും സെമിനാർ മന്ത്രി  ഉദ്ഘാടനം ചെയ്തു

പ്രവാസ ലോകത്തിന് കേരളം നൽകുന്നത് വലിയ സംഭാവനയാണെന്നും ലോകത്തെ പ്രധാന സംരംഭങ്ങളുടെ തലപ്പത്ത് ഒരു മലയാളിയെങ്കിലും ഉണ്ടാവാറുണ്ട് എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക കേരള സഭയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മലയാളം ഭാഷാ മിഷൻ സംഘടിപ്പിച്ച പ്രവാസവും വികസനവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ ലോകത്തെ മലയാളികളുടെ സംഭാവന  പരിപോഷിപ്പിക്കാനാണ് ലോക കേരള സഭ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന് പുറത്ത് ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യം. പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കാനും ക്രിയാത്മകമായ നിർദ്ദേശങ്ങളും സംഭാവനകളും നൽകുന്നതിനും ഈ വേദി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക കേരള സഭയ്ക്ക് പിന്തുണ നൽകിയ മുഴുവൻ പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു.

കേരള സമൂഹത്തിന്റെ പുരോഗതിയിലും വികസനത്തിലും പ്രവാസികളുടെ ക്രിയാത്മകമായ ഇടപെടൽ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച അഭിമാന പദ്ധതിയാണ് ലോക കേരള സഭ. മൂന്നാമത് ലോക കേരള സഭ ജൂൺ 17, 18 തീയതികളിൽ തിരുവനന്തപുരത്ത്  നടക്കും.

പ്രവാസി കേരള സമൂഹത്തിന്റെ ഇടപെടലുകൾ കേരള പരിതസ്ഥിതിയിൽ ഉണ്ടാക്കിയ മാറ്റങ്ങളും പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നടത്തിയ ഇടപെടലുകളും സെമിനാറിൽ ചർച്ചയായി. ഭാവി കേരളത്തിന്റെ വികസന പ്രവർത്തനത്തിലും പുരോഗതിയിലും പ്രവാസ സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളും അന്തർദ്ദേശീയമായ പരിചയസമ്പത്തും കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ബാദുഷ കടലുണ്ടി അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു.ലോക കേരള സഭാ അംഗവും മുൻ എം.എൽ.എയുമായ കെ.വി. അബ്ദുൽ ഖാദർ മോഡറേറ്ററായി. പ്രവാസിയും വികസനവും എന്ന വിഷയം കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവി രാമൻ അവതരിപ്പിച്ചു. ചെയർമാൻ കെ.പി.  അനിൽ കുമാർ, ചരിത്രകാരൻ ഡോ. പി. ജെ. വിൻസെൻ്റ്, വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. മലയാള ഭാഷാ മിഷൻ രജിസ്ട്രാർ ഇൻ ചാർജ് എം.വി. സ്വാലിഹ സ്വാഗതവും നോർക്ക റൂട്ട്സ് സെൻട്രൽ മാനേജർ പി. അനീഷ് നന്ദിയും പറഞ്ഞു.

date