Skip to main content
ഒരുനെല്ലും ഒരു മീനും ജില്ലാതല ഉദ്ഘാടനം

ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് ജില്ലയിൽ തുടക്കം

 

സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന  ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തൃശൂർ ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാറളം ചെമ്മണ്ട കായൽ കൊടുന്തറ കാപ്പ്‌ പറൂംപാടശേഖരത്തിൽ  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ നിർവഹിച്ചു. വിവിധ ഇനത്തിലുള്ള 5000 മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

300 ഹെക്ടർ വരുന്ന ചെമ്മണ്ട പാടശേഖരത്തിലാണ് കൃഷിക്ക് തുടക്കമായത്. 2018 ലുണ്ടായ  മഹാപ്രളയം മൂലം പാടങ്ങളിൽ വെള്ളം കയറുകയും മത്സ്യകൃഷി നശിക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് മഹാമാരിയും തടസമായി. ഈ പ്രതിസന്ധികളെ എല്ലാം അതിജീവിച്ചാണ് ഈ വർഷം കൃഷിയിറക്കുന്നത്. ഗ്രാസ് കാർപ്, രോഹു, കട്ല തുടങ്ങിയ ഇനങ്ങളിലുള്ള മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. ഉമ, മനുരത്ന,ശ്രേയസ് ഇനങ്ങളിലുള്ള വിത്തുകളാണ് നെല്ലിനങ്ങളിൽ കൃഷി ചെയ്യുന്നത്. ഒരു നെല്ലും ഒരു മീനും പദ്ധതി വഴി ജില്ലയിലാകെ 2256 ഹെക്ടറിൽ കൃഷി ചെയ്യുന്നുണ്ട്. 

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ് അധ്യക്ഷയായ ചടങ്ങിൽ 
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എം എം ജിബിന വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് ശശി കുമാർ, ജനപ്രതിനിധികളായ സുനിത മനോജ്, ലൈജു ആന്റണി, അജയൻ , രമേഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

date