Skip to main content

പരിസ്ഥിതി സംരക്ഷണത്തിന്  കുരുന്നുകളുടെ "കാടുംകടലും" പദ്ധതി

 

പ്രകൃതി സംരക്ഷണം സാമൂഹിക  ഉത്തരവാദിത്വമായി ഏറ്റെടുത്ത് മാതൃകയായി എസ്.എൻ പുരം പഞ്ചായത്തിലെ വേക്കോട് ഫിഷറീസ് എൽ. പി സ്കൂളിലെ കുരുന്നുകൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവ തലമുറകളിലേയ്ക്ക് പകർന്നു നൽകുന്നതിനായി "കാടുംകടലും"  എന്ന പദ്ധതിയാണ് സ്കൂളിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

തീരപ്രദേശങ്ങളിൽ നിന്ന് അന്യമാകുന്ന  
വൃക്ഷങ്ങൾക്ക് സംരക്ഷണമേകി പ്രകൃതി സൗന്ദര്യത്തെ വരുംതലമുറയ്ക്ക് ആസ്വദിക്കാൻ അവസരം സൃഷ്ടിക്കുകയാണ് "കാടുംകടലും"  എന്ന വേറിട്ട പദ്ധതിയിലൂടെ. കൂടാതെ വേലിയേറ്റത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ  വേരുറപ്പുള്ള ചെടികളായ ഇല്ലി, കാറ്റാടി, കണ്ടൽ, പുന്ന തുടങ്ങിയ വിവിധയിനം  ചെടികൾ നട്ടുപിടിപ്പിച്ച് കടലേറ്റത്തിന്റെ തീവ്രത കുറക്കാനുള്ള പരിശ്രമവും പദ്ധതിയിലൂടെ നടത്തുന്നുണ്ട്. 

വേക്കോട് ഫിഷറീസ് സ്കൂളിലെ 72 കുട്ടികൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും  നേതൃത്വത്തിലാണ്  ഈ പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പിലാക്കുന്നത്.  ശ്രീനാരായണപുരം പഞ്ചായത്തിന്റെയും തൊഴിലുറപ്പ്  തൊഴിലാളികളുടെയും പൂർണ പിന്തുണയും ഇവർക്കുണ്ട്. 
 
തീരപ്രദേശ  പ്രകൃതി സംരക്ഷണത്തിന് മാതൃകയാവുന്ന "കാടുംകടലും"  പദ്ധതിക്കായി എസ്.എൻ പുരം  കൃഷിഭവനാണ് തൈകൾ വിതരണം ചെയ്യുന്നത്. കടൽക്ഷോഭം നിലനിൽക്കുന്ന പ്രദേശമായതുകൊണ്ട് നട്ടുപിടിപ്പിക്കുന്ന ചെടികൾക്ക് നിലനിൽപ്പ് കുറവാണ്‌. എങ്കിലും തിരമാലകളെടുത്ത് നശിച്ചുപോകുന്ന ചെടികൾക്ക് പകരം  തൈകൾ നട്ട് തീര പ്രദേശത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് കാടുംകടലും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

date