Skip to main content
തളിക്കുളം പഞ്ചായത്ത് വനിത ഫിറ്റ്‌നെസ് സെന്റര്‍

വനിതാ ഫിറ്റ്‌നസ് സെൻ്റർ നാടിന് സമർപ്പിച്ചു

 

തളിക്കുളം ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച വനിതാ ഫിറ്റ്‌നസ് സെൻ്റർ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ വനിതാ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് എട്ടാം വാര്‍ഡില്‍ ഫിറ്റ്‌നസ് സെൻ്റർ ആരംഭിച്ചത്. തളിക്കുളത്ത് നടന്ന വനിതാ ഫിറ്റ്നസ് സെൻ്ററിൻ്റെ ജില്ലാ പഞ്ചായത്ത് തല ഉദ്ഘാടനം സി.സി.മുകുന്ദന്‍ എം.എല്‍.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം, തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളിൾ വര്‍ധിച്ചു വരുന്ന  സാഹചര്യത്തിലാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ ഫിറ്റ്‌നസ് സെൻ്റർ ആരംഭിച്ചത്. എട്ടാം വാർഡിലെ ബാല്യ അങ്കണവാടിക്ക് മുകളിലായാണ് വനിതാ ഫിറ്റ്നസ് സെൻ്റർ പ്രവർത്തിക്കുക. ഫിറ്റ്‌നസ് സെൻ്ററിൻ്റെ നടത്തിപ്പും മേൽനോട്ടവും കുടുംബശ്രീ യൂണിറ്റുകൾക്കാണ് നൽകിയിരിക്കുന്നത്. സ്പോർട്സിൽ താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്ത് ജില്ലാ സ്പോർട്സ് കൗൺസിൽ മുഖേന പരിശീലനം നൽകിയാണ് ഫിറ്റ്‌നസ് സെൻ്ററുകളുടെ മേൽനോട്ടത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫിറ്റ്‌നസ് സെൻ്ററിൻ്റെ സേവനം ഉപയോഗിക്കുന്ന വനിതകളിൽ നിന്നും നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കിയാണ് ഇതിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുക. ജില്ലയിലെ 25 പഞ്ചായത്തുകളിൽ കൂടി ഫിറ്റ്‌നസ് സെൻ്റർ ആരംഭിക്കുന്നതിനുള്ള തുക ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.രാധാകൃഷ്‌ണൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടില്‍, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്   പി.ഐ.സജിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻ്റ് കെ.ആര്‍.സാംബശിവന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്.ജയ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി.തിലകൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date