Skip to main content
കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം

16 മാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികള്‍; 55 ലക്ഷത്തിന് മുകളില്‍ വരുമാനം കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കോടനാട് അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രം

കോടനാട്  അഭയാരണ്യം (കപ്രിക്കാട്) ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കഴിഞ്ഞ 16 മാസത്തിനുള്ളില്‍ സന്ദര്‍ശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം സഞ്ചാരികളാണ്. കോവിഡ് മൂലം കേന്ദ്രം അടച്ചതിനുശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുറന്നത് മുതലുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. അതിനനുസൃതമായി വരുമാനവും കൂടി. ഏകദേശം അന്‍പത്തഞ്ച് ലക്ഷത്തിന് മുകളില്‍ രൂപയാണ് വരുമാനമായി ലഭിച്ചത്. അതും കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലയളവിലായിരുന്നു .

ഒന്നേമുക്കാല്‍ ലക്ഷത്തോളം മുതിര്‍ന്നവരും ഇരുപത്തി അയ്യായിരത്തോളം കുട്ടികളുമാണ് സഞ്ചാരികളായി എത്തിയത്. ആഭ്യന്തര സഞ്ചാരികളാണ് ഇതില്‍ ഏറെയും. വിദേശ സഞ്ചാരികളും അഭയാരണ്യം സന്ദര്‍ശിക്കാനെത്തുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഏറെ ആശാവഹമാണെന്ന് അഭയാരണ്യം അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ അഭയാരണ്യത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍ ആനകളും, മ്ലാവുകളും, പുള്ളിമാനുകളും, ചിത്രശലഭ പാര്‍ക്കും, ഔഷധ സസ്യങ്ങളുടെ ഉദ്യാനവും, പുഴയോട് ചേര്‍ന്നുള്ള നടപ്പാതയും, ഏറുമാടങ്ങളും, കുട്ടികള്‍ക്കുള്ള ചെറിയ പാര്‍ക്കുമാണ്.  പെരിയാറിന്റെ തീരത്ത് അഞ്ച് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന അഭയാരണ്യം ടൂറിസം കേന്ദ്രം വനംവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 250 രൂപയുമാണ് അഭയാരണ്യത്തിലെ പ്രവേശന നിരക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. തിങ്കളാഴ്ച ദിവസം അവധിയായിരിക്കും. കോടനാട് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അഭയാരണ്യം സ്ഥിതി ചെയ്യുന്നത്, പെരുമ്പാവൂരില്‍ നിന്ന് 13 കിലോ മീറ്ററും. ബസ് സൗകര്യവും ഇവിടേക്ക് ലഭ്യമാണ്.

date