Skip to main content

'ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി'; ജില്ലയിലെ 72 കിലോമീറ്റര്‍ കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തമാക്കും

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള  'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന്റെയും  ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.  വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.

കടലും കടല്‍ തീരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ജനകീയ പദ്ധതിയാണ് 'ശുചിത്വ സാഗരം സുന്ദര തീരം'. ജില്ലയില്‍ 72 കിലോമീറ്റര്‍ കടത്തീരമാണ് പദ്ധതിയുടെ ഭാഗമായി ശുചീകരിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫിഷറീസ് വകുപ്പ്, ക്ലീന്‍ കേരള മിഷന്‍, മത്സ്യഫെഡ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, തീരദേശ വികസന കോര്‍പറേഷന്‍, യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ കടല്‍തീരത്തെ ഒരു കിലോമീറ്റര്‍ പരിധിയുള്ള 72 ചെറു യൂണിറ്റുകളായി തരം തിരിച്ച് ഓരോന്നിനും കൃത്യമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. ഓരോ യൂണിറ്റിലും കുറഞ്ഞത് 25 പേരടങ്ങിയ കര്‍മസംഘത്തെ ചുമതലപ്പെടുത്തും.

രണ്ടാംഘട്ടമായി സെപ്തംബര്‍ പതിനെട്ടിന്  സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം നടക്കും. അഴിമുഖങ്ങള്‍, പുലിമുട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് മുങ്ങല്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍  കൗണ്‍സിലര്‍ പനിഅടിമ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോസ്‌ലെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date