Skip to main content

ഹൈഡ്രോഗ്രാഫിക്  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം ജൂണ്‍ 21ന് പൊന്നാനിയില്‍ പ്രവര്‍ത്തനമാരംഭിക്കും

എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പൊന്നാനിയിലെ ഹൈഡ്രോഗ്രാഫിക്  ഇന്‍സ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ലോക ഹൈഡ്രോഗ്രാഫിക് ദിനമായ ജൂണ്‍ 21ന് ആരംഭിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഹൈഡ്രോഗ്രാഫിക്  ഇന്‍സ്റ്റിറ്റ്യൂട്ട് താത്ക്കാലിക കേന്ദ്രത്തിന്റ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

കേരളത്തിലെ കടലിലെയും ജലാശങ്ങളിലെയും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ട നടപടികളെക്കുറിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായുള്ള ഹൈഡ്രോ ഗ്രാഫിക് ഇന്‍സ്റ്റിറ്റിയൂറ്റിന്റെ ഉപകേന്ദ്രമാണ് പൊന്നാനിയില്‍ സ്ഥാപിക്കുന്നത്. നഗരസഭയുടെ പഴയ ഓഫീസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താത്ക്കാലികമായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാര്‍ബറില്‍ പ്രവര്‍ത്തിക്കും.

 ഹൈഡ്രോഗ്രാഫിക് പഠനം, കടല്‍, കായല്‍, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫീസാണ് പൊന്നാനി കേന്ദ്രമായി വരിക. എറണാംകുളം  മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫീസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ വിവിധ കോഴ്‌സുകളും ആരംഭിക്കും. ഹൈഡ്രോ ഗ്രാഫിക് മോഡേണ്‍ സര്‍വേ, ക്വാണ്‍ഡിറ്റി സര്‍വേ, ഡൈവിങ് പരിശീലനം ഉള്‍പ്പെടെയുള്ള കോഴ്‌സുകളാണ് സര്‍വകലാശാലക്ക് കീഴിലുണ്ടാവുക. കടലിലെയും ജലാശയങ്ങളിലെയും മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോ ഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മണ്ണിന്റെ ഘടന, വേലിയേറ്റ, വേലിയിറക്ക സമയങ്ങളില്‍ കടല്‍ തീരത്തുണ്ടാകുന്ന മാറ്റങ്ങള്‍, കടല്‍ തീരത്ത് വര്‍ഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങി വിവിധ കാര്യങ്ങള്‍ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ശാസ്ത്രീമായി കണ്ടെത്താന്‍ ഇതുവഴി കഴിയും. കടല്‍ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കാനും ഹൈഡ്രോ ഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിക്കും. നിലവില്‍ കടലിലെ ഘടന മാറ്റങ്ങള്‍ പഠിക്കാന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ല.
 

പൊന്നാനി ഹാര്‍ബര്‍ എഞ്ചിനീയറിങ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ചീഫ് ഹൈഡ്രോഗ്രാഫര്‍ ജെറോഷ് കുമാര്‍, മലബാര്‍ റീജിയണല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനിദേവ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു.

date