Skip to main content

ആരോഗ്യസുരക്ഷ; സ്‌കൂള്‍ പാചകപുരകളില്‍ കര്‍ശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ പ്രദീപ് കുമാറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സ്‌കൂളുകളില്‍ പരിശോധന തുടരുന്നത്.കുട്ടികള്‍ക്കായുള്ള ഭക്ഷണം തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന. ജില്ലയില്‍ പരിശോധന നടത്തിയ 13 സ്‌കൂളുകളില്‍ യാതൊരു വിധ പ്രശ്‌നങ്ങളും കണ്ടെത്തിയില്ലെന്നും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. കെ പ്രദീപ് കുമാര്‍ പറഞ്ഞു.സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കണമെന്നും ഭക്ഷ്യസുരക്ഷ മാനേജ്‌മെന്റ് സംവിധാനം കൃത്യമായി പാലിക്കണമെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഭക്ഷ്യ ധാന്യങ്ങള്‍ അടച്ചുറുപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിക്കണം, പാക്കറ്റ് ലേബല്‍ ഡിക്ലറേഷന്‍ കൃത്യമായിരിക്കണം, പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന്റെ 30 മിനുട്ട് മുമ്പ് വെള്ളത്തില്‍ ഇട്ടുവെച്ചു റണ്ണിങ് വാട്ടര്‍ ഉപയോഗിച്ച് കഴുകണം, യാതൊരു കാരണവശാലും  നിറമാറ്റം വന്ന മുട്ടകള്‍ ഉപയോഗിക്കരുത്. സ്‌കൂളുകളില്‍ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോര്‍ റൂം, മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം എന്നിവ ഉറപ്പ് വരുത്തണം. ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ ഉണ്ടാകണം.  പാചക തൊഴിലാളികള്‍ക്ക് ആരോഗ്യ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തിടത്ത് അത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം, തൊഴിലാളികള്‍ക്ക് ഹെഡ് ക്യാപ്, എപ്രണ്‍, ഗ്ലൗസ്, എന്നിവ ഉറപ്പ് വരുത്തണം. ഫോര്‍ട്ടിഫൈഡ് പാല്‍ നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുമായി സ്‌കൂള്‍ അധികൃതര്‍ പൂര്‍ണമായി സഹകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. കെ പ്രദീപ്കുമാര്‍ അഭ്യര്‍ത്ഥിച്ചു.

 

date