Skip to main content

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക്; ആദ്യഘട്ട നിര്‍മ്മാണ പ്രവൃത്തി ചൊവ്വ ആരംഭിക്കും

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചൊവ്വ ആരംഭിക്കും. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് 4,17,06,933 രൂപയ്ക്ക് 2023 മേയ് 24 നകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന കരാര്‍ ഏറ്റെടുത്തത്. ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സള്‍ട്ടിങ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുക.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് മുളിയാര്‍ വില്ലേജില്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തില്‍ ശാസ്ത്രീയമായാണ് പുനരധിവാസം യാഥാര്‍ഥ്യമാവുക.  വിദഗ്ധ ആരോഗ്യ പരിപാലനം, തൊഴില്‍ പരിശീലനം, വ്യക്തി അധിഷ്ഠിതമായ ശാരീരിക മാനസിക ഇടപെടലുകള്‍, ഡേ കേയര്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് പറഞ്ഞു. മുളിയാര്‍ പഞ്ചായത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ 25 ഏക്കര്‍ കണ്ടെത്തിയത്.
ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അനുവദിച്ചത് അഞ്ച് കോടി രൂപയാണ്. പിന്നീട് ആവശ്യങ്ങള്‍ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കും. തെറാപ്പി, കെയര്‍ഹോം, നൈപുണ്യ വികസനം, വൊക്കേഷണല്‍ ട്രെയ്‌നിങ്, റീഹാബിലിറ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുനരധിവാസ ഗ്രാമത്തില്‍ ലഭ്യമാവും. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിന് ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് തീരുമാനിക്കാനും സാങ്കേതിക സഹായത്തിനായുള്ള എക്‌സപേര്‍ട്ട് ഏജന്‍സിയെ തീരുമാനിക്കാനും വിദഗ്ധ ഏജന്‍സികളെയും പ്രൊഫഷണലുകളെയും ചേര്‍ത്ത് ജൂലൈയില്‍  ശില്‍പശാല സംഘടിപ്പിക്കുമെന്നും അതിന് ശേഷം പുനരധിവാസ ഗ്രാമത്തിന്റെ വ്യക്തമായ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കുമെന്നും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബമുംതാസ് പറഞ്ഞു.

date