Skip to main content

പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന വിദ്യാഭ്യാസ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം; എം രാജഗോപാലന്‍ എംഎല്‍എ എളേരിത്തട്ട് കോളേജിന്റെ വിപുലീകരിച്ച വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് എം രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു. എളേരിത്തട്ട് ഇ കെ.നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളജിന്റെ വിപുലീകരിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മാറുന്ന കാലത്തിനനുസരിച്ച് സഞ്ചരിക്കാന്‍ ഒരു വൈജ്ഞാനിക സമൂഹത്തെ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സഹായിക്കുന്ന കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പഠനരീതി സ്വീകരിക്കുകയാണ്. കോളജ്, സര്‍വകലാശാലാ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി വരുന്നതെന്നും അടിസ്ഥാന സൗകര്യത്തിലും അക്കാദമിക് തലത്തിലും എളേരിത്തട്ട് കോളേജ് മെച്ചപ്പെട്ട കോളജ് ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അന്യ ജില്ലകളില്‍ നിന്നടക്കം എളേരിത്തട്ട് കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് എത്തിച്ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യം ലഭ്യമല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുനില ഹോസ്റ്റലിന്റെ കൂടെ മൂന്നാം നില കൂടി അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചത്.
ചടങ്ങില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ സോള്‍ജി കെ. തോമസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.വി. രാജേഷ്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു മുരളീധരന്‍, ശാന്തികൃപ,സി.പി. സുരേശന്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ. സുകുമാരന്‍ , ജെറ്റോ ജോസഫ് , എ. ദുള്‍ക്കിഫിലി, ടി.സി. രാമചന്ദ്രന്‍ , കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി സ്‌കറിയ എബ്രഹാം, പിടിഎ വൈസ് പ്രസിഡന്റ് ടി.ജി. ശശീന്ദ്രന്‍, കോളേജ് സ്റ്റുഡന്റസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഭാഗ്യ ഭാസ്‌കരന്‍ ,പി ഡബ്യൂ ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കും പാടം, സി ഡി എസ് ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date