Skip to main content

ചെള്ള് പനി : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പാറശ്ശാല പഞ്ചായത്ത്

ചെള്ള് പനി ബാധിച്ച് പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ അയിങ്കാമം സ്വദേശിനി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അയിങ്കാമം  വാര്‍ഡിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. വാര്‍ഡില്‍ മറ്റാര്‍ക്കും ഇതുവരെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല.

ചെള്ള് പനി വ്യാപനം തടയാന്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വാര്‍ഡുകളിലും നിരീക്ഷണം നടത്തും. രോഗത്തിന്റെ തീവ്രതയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാന്‍ വേണ്ടി ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.

ഹരിതകര്‍മ സേന, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ രോഗ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനും അവ നിയന്ത്രണ വിധേയമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ചുസ്മിത പറഞ്ഞു. കടുത്ത പനി, വിറയല്‍, തലവേദന, ശരീരവേദന, ചുമ, ദഹനപ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. വീടും പരിസരവും മാലിന്യ മുക്തമാക്കണമെന്നും വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ കരുതല്‍ ഉണ്ടാകണമെന്നും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

date