Skip to main content

പ്രാദേശിക വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസം ക്ലബുകള്‍ക്ക് സാധിക്കും - മന്ത്രി മുഹമ്മദ് റിയാസ്

 

 

 

പ്രാദേശിക വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസം ക്ലബുകള്‍ക്ക് സാധിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രാദേശിക ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ പ്രാദേശിക ഉത്തരവാദിത്ത ടൂറിസം ക്ലബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം ക്ലബ് ആണിത്.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. ക്ലബ്ബുകള്‍ക്ക് ടൂറിസം മേഖലയിലെ വിവിധ സംരഭകത്വ വികസന സാധ്യതകളിലും ബിസിനസ് സംരംഭങ്ങളിലും  ഏര്‍പ്പെടാനുള്ള പരിശീലനവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലഭ്യമാക്കും. ക്ലബ്ബുകളുടെ നെറ്റ്വര്‍ക്ക് രൂപീകരിച്ചുകൊണ്ട് കേരളത്തിനുള്ളിലെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി ടൂറിസം മേഖലയില്‍ സുസ്ഥിര വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസം മിഷനോടൊപ്പം ചേര്‍ന്ന് പ്രാദേശിക ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പ്രാദേശിക കല, സംസ്‌കാരം എന്നിവയെല്ലാം തനത് രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ടൂറിസം സംസ്‌കാരം വളര്‍ത്തിയെടുക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളെ  മാലിന്യ വിമുക്തമാക്കുക, ഹരിത പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കി ഗ്രീന്‍ ഡെസ്റ്റിനേഷനുകളാക്കി ഇവയെ മാറ്റുക എന്നിവയെല്ലാം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകള്‍ വഴി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ത്രീശാക്തീകരണം, യുവജനപങ്കാളിത്തം എന്നിവയും പ്രോത്സാഹിപ്പിക്കും. 

കടലുണ്ടിയില്‍ നടന്ന ചടങ്ങില്‍ ബേപ്പൂര്‍ സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലനത്തിലൂടെ യൂണിറ്റുകളായി മാറിയ  പ്രാദേശിക ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്നുമുള്ള മെഴുകുതിരികള്‍, പേപ്പര്‍ ബേഗുകള്‍, ടെറാക്കോട്ട ഉത്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സംരംഭങ്ങളാണ് സമഗ്ര പരിശീലനത്തിലൂടെ യൂണിറ്റുകളായി മാറിയത്.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അധ്യക്ഷയായി. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, നമ്മള്‍ ബേപ്പൂര്‍ പ്രതിനിധി ടി.രാധാഗോപി, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ബിജി സേവ്യര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date