Skip to main content

കുടിശ്ശിക ഫയലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം - മന്ത്രി മുഹമ്മദ് റിയാസ് 

 

 

 

തീവ്രയജ്ഞപരിപാടി സംഘടിപ്പിച്ച് കുടിശ്ശിക ഫയലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് ജില്ലാതല ഓഫീസർമാർക്ക്‌ നിർദേശം നൽകി. സർക്കാരിന്റെ ഫയൽ അദാലത്ത് 2022-മായി ബന്ധപ്പെട്ട് നളന്ദ ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്‌ സാഹചര്യം സർക്കാർ ഓഫീസുകളടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അതിനാൽ ഫയൽ കുടിശ്ശിക തീർപ്പാക്കുന്നതിനായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഒരു തീവ്രയജ്ഞപരിപാടിയാണ്‌ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ പ്രകാരം എല്ലാ വകുപ്പുകളും തീവ്രയജ്ഞപരിപാടി സംഘടിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലയിലെ റവന്യൂ വകുപ്പിലെ ഫയൽ അദാലത്തുമായി ബന്ധപ്പെട്ട ഷെഡ്യൂൾ ജില്ലാ കലക്ടർ വിശദീകരിച്ചു. ഭൂമി തരംമാറ്റം സംബന്ധിച്ച ഫയലുകൾ അടിയന്തരമായി തീർപ്പാക്കാൻ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച് വഴി താത്കാലിക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും പരമാവധി ഫയലുകൾ നവംബർ 30നകം തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ്‌ പലതരത്തിലുള്ള ഫയലുകളിൽ കുറഞ്ഞത്‌ 50 ശതമാനമെങ്കിലും ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

ജില്ലാ സപ്ലൈ ഓഫീസ്‌ കൂടാതെയുള്ള ജില്ലയിലെ മറ്റ് ആറ് താലൂക്ക്‌ സപ്ലൈ ഓഫീസുകളിലെയും മേധാവികൾക്ക്‌ ഫയൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കുടിശ്ശിക ഫയലിന്മേൽ കോടതികളിൽ കേസുകൾ നിലവിലുള്ളതുകൊണ്ടാണ്‌ ഫയലുകൾ തീർപ്പു കൽപ്പിക്കുന്നതിന് കാലതാമസം നേരിടുന്നതെന്നും ഇവ സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്‌ ഓഫീസിലെ ഫയലുകൾ പൂർത്തീകരിക്കുന്നതിനായി നോഡൽ ഓഫീസർ സ്ഥാനത്തുനിന്നും ഹെഡ്‌ ക്ലാർക്കിനെ മാറ്റി ജില്ലാ ക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്‌ ഓഫീസ്‌ മേധാവിയ്ക്ക്‌ ചുമതല നൽകാൻ മന്ത്രി നിർദേശം നൽകി. ഗ്രാമവികസന വകുപ്പ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ഫോറസ്റ്റ്‌, പോലീസ്‌ വകുപ്പ് മേധാവികൾ ഫയലുകൾ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന ആക്ഷൻ പ്ലാനുകൾ വിശദീകരിച്ചു.   

ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട്‌ ഓരോ വകുപ്പിലെയും ജില്ലാ ഓഫീസർമാരെ ജില്ലാതല നോഡൽ ഓഫീസറായി നിയമിക്കണമെന്നും വകുപ്പിന്‌ കീഴിൽ വരുന്ന ഓരോ ഓഫീസുകളിലും പ്രത്യേകം നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. വകുപ്പുമേധാവികളെ നോഡൽ ഓഫീസർമാരായി നിയമിച്ചുകൊണ്ട് ജില്ലാ കലക്ടർ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിക്കാനും മന്ത്രി നിർദേശിച്ചു. ഓരോ വകുപ്പുകളിലുമുള്ള ഫയൽ തീർപ്പാക്കൽ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക വാട്ട്സ്ആപ്പ്‌ ഗ്രൂപ്പ്‌ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ, ജില്ലാതല വകുപ്പ്‌ മേധാവികൾ, നോഡൽ ഓഫീസർമാർ എന്നിവർ ഗ്രൂപ്പിൽ അംഗങ്ങളായിരിക്കണം.

ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട്‌ പുരോഗതി വിലയിരുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി നേരിട്ട്‌ ജില്ലാ മേധാവികളുടെ യോഗങ്ങൾ സംഘടിപ്പിക്കും ഫയൽ തീർപ്പാക്കൽ നടപടിമൂലം പൊതുജനങ്ങൾക്ക്‌ ലഭ്യമാകുന്ന സേവനങ്ങളിൽ യാതൊരുവിധ തടസ്സവുമുണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പ് മേധാവികൾ, ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.

date