Skip to main content

രോ​ഗപ്രതിരോധ ശേഷിയുള്ളവരായി ജനങ്ങളെ മാറ്റുക സർക്കാരിന്റെ ആരോഗ്യനയം- മന്ത്രി വീണ ജോർജ്

 

 

 

രോ​ഗപ്രതിരോധ ശേഷിയുള്ളവരായി ജനങ്ങളെ മാറ്റുകയാണ് സർക്കാരിന്റെ ആരോ​ഗ്യനയമെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.  ബാലുശ്ശേരി പഞ്ചായത്തിലെ എരമംഗലം പ്രാഥമികരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോ​ഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവകേരളകർമ്മപദ്ധതി രണ്ടിന്റെ ഭാ​ഗമായി ആർദ്രം മിഷൻ രണ്ടിലൂടെ ലക്ഷ്യംവെക്കുന്ന ഒന്നാമത്തെ കാര്യം വ്യക്തികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നതാണ്. ജീവിതശൈലീ രോ​ഗങ്ങൾ കുറക്കാനായി ജനകീയപദ്ധതി നടപ്പിലാക്കുകയാണ്. ഓരോ വീട്ടിലെയും മുപ്പത് വയസ്സിന് മുകളിലുള്ളവരെ പദ്ധതിയുടെ ഭാഗമായി പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ, നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുകൾ എന്നിവയാണ് ആശുപത്രി വികസനത്തിനായി ഉപയോ​ഗിച്ചത്. പഞ്ചായത്തിന്റെ 27 ലക്ഷം, ശുചിത്വ മിഷന്റെ മൂന്ന് ലക്ഷം, ആർദ്രം മിഷന്റെ 15.17 ലക്ഷം രൂപ എന്നിവ ഉപയോ​ഗപ്പെടുത്തിയാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, വൈസ് പ്രസിഡന്റ് അസ്സയിനാർ, സ്ഥിരം സമിതി അധ്യക്ഷരായ ഉമ മഠത്തിൽ, എം.പി. ശ്രീജ, എൻ. അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സി.കെ. രാജീവൻ, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. നവീൻ, നവകേരള കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുരേഷൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്​ സ്വാഗതവും എരമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹെലന മോൾ നന്ദിയും പറഞ്ഞു.

date