Skip to main content

കേരളത്തിലെ ആരോഗ്യസംവിധാനം ലോകത്തിന് മാതൃക

 

-മന്ത്രി വി. അബ്ദുറഹിമാൻ

 

മലപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു 

 

കേരളത്തിലെ ആരോഗ്യസംവിധാനം ലോകത്തിന് മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. മലപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് സമയത്ത് സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. ഇത് ലോകത്തിന് മാതൃകയാണ്. കേരളത്തിലെ ചികിത്സാ സൗകര്യം സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നമ്മള്‍ മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി.

 

 ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നസ് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നത്. വിവിധ ആരോഗ്യ സേവനങ്ങളെപ്പറ്റിയും സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളെപ്പറ്റിയും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. മേളയുടെ ഭാഗമായി വിവിധ മത്സരങ്ങളും നടത്തിയിരുന്നു.

 

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ടി.എന്‍ അനൂപ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇസ്മയില്‍ മാസ്റ്റര്‍, സുനീറ പൊറ്റമ്മല്‍, റാബിയ ചോലക്കല്‍, അടാട്ട് ചന്ദ്രന്‍, ജസീന മജീദ്, മൂസ കടമ്പോട്ട്, ജില്ലാ പഞ്ചായത്ത് അംഗം കെ.സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റജുല പെലത്തൊടി, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പ്രീതി മേനോന്‍, ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.എം സുജാത, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിവി ബിന്ദു എന്നിവര്‍ സംസാരിച്ചു. 

 

date