Skip to main content
കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കൊച്ചി മെട്രോ ദിനാഘോഷത്തിൽ ഹൈബി ഈഡൻ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി മെട്രോയുടെ അഞ്ചാം പിറന്നാളിനോടനുബന്ധിച്ച് മെട്രോ ദിനം ആഘോഷിച്ചു. കൊച്ചി ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഹൈക്കോടതി, മറൈൻ ഡ്രൈവ്, കാക്കനാട് തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള കൊച്ചി മെട്രോയുടെ വിവിധ വികസന പ്രവർത്തനങ്ങൾ 2027നകം പൂർത്തിയാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി. ലോക് നാഥ് ബെഹ്റ പറഞ്ഞു. ഇനി മുതൽ എല്ലാവർഷവും ജൂൺ 17 കൊച്ചി മെട്രോ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെട്രോയുടെ വരവോടെ വലിയ മാറ്റമാണ് കൊച്ചിയുടെ ഗതാഗത മേഖലയിൽ ഉണ്ടായതെന്നും ഡൽഹി മെട്രോയെ പോലെ കൂടുതൽ വളരേണ്ടതുണ്ടെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. ടിക്കറ്റ് ചിലവിനെക്കാൾ ഉപരിയായി കൊച്ചി മെട്രോ ലാഭത്തിലാക്കുന്നതിനായി മറ്റ് മാർഗങ്ങൾ കൂടി തേടേണ്ടതുണ്ടെന്നും എം.പി വ്യക്തമാക്കി.

ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജു, ജില്ല കലക്ടർ ജാഫർ മാലിക്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഗ്രീൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

കൊച്ചിയുടെ എന്നതിലുപരി സംസ്ഥാനത്തിൻ്റെ തന്നെ മുഖച്ഛായ മാറ്റിയ വികസന പദ്ധതിയായിരുന്നു കൊച്ചി മെട്രോ. 2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് എന്ന പേരിൽ 17 ദിവസം നീണ്ടു നിന്ന വിപുലമായ പരിപാടികളാണ് കെ.എം.ആർ.എൽ നടപ്പാക്കിയത്. ഇതിൻ്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെള്ളിയാഴ്ച കൊച്ചി മെട്രോ ദിനമായി ആചരിച്ചത്.

date