Skip to main content
ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ വയലിൽ കാർഷിക പ്രവർത്തനത്തിലേർപ്പെട്ട്  പ്രായോഗിക അറിവ് നേടുന്ന വിദ്യാർത്ഥികൾ

കൃഷിയെ അറിയാം ആസ്വദിക്കാം; ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ വിദ്യാഭ്യാസ ടൂറിസം ആരംഭിക്കുന്നു

 

'വിദ്യാഭ്യാസ ടൂറിസം പദ്ധതി' ഫാം ടൂറിസത്തിന്റെ  നൂതന പതിപ്പ് എന്ന നിലയിലാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ ആരംഭിക്കുന്നത്. കൃഷിയും, പ്രകൃതി സംരംക്ഷണവും വളര്‍ന്ന് വരുന്ന പുതിയ തലമുറയ്ക്ക് ആസ്വാദ്യകരമായി പരിചയപ്പെടുന്നതിനും അതുവഴി കാര്‍ഷിക സംസ്‌ക്കാരത്തിലേക്ക് അവരെ ആകര്‍ഷിക്കുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത്  പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാന്യം നൽകുന്നതെങ്കിലും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒറ്റയ്ക്കും, കുടുംബമായും ഫാമില്‍ എത്തി  ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ കഴിയും വിധമാണ് പദ്ധതി രൂപപ്പെടുത്തുന്നത്.

എം.സി റോഡിനോട് ചേര്‍ന്ന് 32 ഏക്കര്‍ സ്ഥലത്താണ് വിത്തുത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിലവില്‍  നെല്‍കൃഷിയാണ് ഏറ്റവുമധികം ഉള്ളതെങ്കിലും മത്സ്യം, പച്ചക്കറി, താറാവ്, ആട്, തുടങ്ങിയവയെയും സംയോജിത മാതൃകയില്‍  കൃഷിചെയ്യുന്നു. നഴ്‌സറികളും, കമ്പോസ്റ്റ് യൂണിറ്റും, വില്‍പന കേന്ദ്രവും ഫാമിന്റെ ഭാഗമാണ്.

ഇവയെല്ലാം ഒത്തുചേര്‍ന്ന ഫാമിന്റെ മനോഹര കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. ആസ്വദിക്കുന്നതിനോടൊപ്പം അറിവും പകരുക എന്ന ഉദ്ദേശമാണ് വിദ്യാഭ്യാസ ടൂറിസം എന്ന ആശയത്തിന് പിന്നില്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് കൃഷിരീതികള്‍ പഠിക്കുകയും പ്രായോഗികജ്ഞാനം നേടുകയും ചെയ്യുന്നു.  പുതുതലമുറയ്ക്കും  പൊതുജനങ്ങള്‍ക്കും ധാരണ ഉറപ്പുവരുത്തുകയാണ് വിദ്യാഭ്യാസ ടൂറിസത്തിലൂടെ ലക്ഷ്യമാക്കുന്നത്.  കര്‍ഷകരും കൃഷിയോട് താത്പര്യമുള്ളവരും അറിവ് നേടുന്നതിനായി  ഇവിടെ വന്നുപോകുന്നുണ്ട്.

കാര്‍ഷിക സംസ്‌ക്കാരത്തെ അനുഭവിച്ചറിയുന്നതോടൊപ്പം പ്രകൃതിസംരക്ഷണത്തെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഘട്ടം ഘട്ടമായി സര്‍ഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ഓപ്പണ്‍ എയര്‍ ആംഫിതിയേറ്റര്‍, ഉദ്യാന വികസനം, ഏറുമാടം എന്നിവ   ഒരുക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലാണ്.  
 
ഫാം സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ക്കും, സംവദിക്കുന്നതിനും ക്ലാസ്സുകള്‍ നടത്തുന്നതിനുമായുള്ള വേദിയായിട്ടാണ് ഓപ്പണ്‍ എയര്‍ ആംഫിതിയേറ്റര്‍  ആലോചനയിൽ ഉള്ളത്. ഫാമിന്റെ വിവിധ ഇടങ്ങളില്‍ ഇരിപ്പിടങ്ങളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും അവയോട് ചേര്‍ന്ന് ചെടികൾ വച്ചുപിടിപ്പിക്കുകയുമാണ് ഉദ്യാന വികസനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഫാമിന്റെ മനോഹരമായ കാഴ്ച ലഭിക്കും വിധത്തില്‍ വില്‍പ്പനശാലയ്ക്ക് സമീപം മാവിന്‍ കൂട്ടത്തിനിടയിൽ ഏറുമാടം ക്രമീകരിക്കും. സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കും .

date