Skip to main content
തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രം

ജില്ലയിലെ മൂന്ന് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന്‌ അംഗീകാരം

 

മണീട് കുടുംബാരോഗ്യകേന്ദ്രം, രായമംഗലം കുടുംബാരോഗ്യകേന്ദ്രം, തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രം എന്നിവയെ  നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന്‌ (National Quality Assurance Standards - NQAS) തെരഞ്ഞെടുത്തു. ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. മണീട് കുടുംബാരോഗ്യകേന്ദ്രത്തിന്‌ ഈ വിഭാഗങ്ങളിൽ 98.47 ശതമാനവും രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്‌ 96 ശതമാനവും സ്കോർ ലഭിച്ചു.

ജനറൽ ക്ലിനിക്ക്, മറ്റേണിറ്റി ഹെൽത്ത്, ന്യൂ ബോൺ ആന്റ് ചൈൽഡ് ഹെൽത്ത്, ഇമ്യൂണൈസേഷൻ, ഫാമിലി പ്ലാനിംഗ്, ഡ്രസിംഗ് റൂം ആന്റ് എമർജൻസി, പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലീരോഗം, ഔട്ട്റീച്ച്, ഫാർമസി, ലബോറട്ടറി, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ 12 വിഭാഗങ്ങളിലെ വിവിധ കാര്യങ്ങൾ വിലയിരുത്തിയാണ്‌ നഗരകുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.  തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രത്തിന്‌ 90.30 ശതമാനം സ്കോർ ലഭിച്ചു.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയതലത്തിലുമായി നടത്തിയ  വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്.  ഇതിലൂടെ ആരോഗ്യസ്ഥാപനങ്ങളുടെ സേവനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സജിത്ത് ജോൺ പറഞ്ഞു. സർക്കാരിന്റെ ആർദ്രം ദൗത്യത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയവയാണ്‌ അംഗീകാരം നേടിയ മൂന്ന് ആരോഗ്യസ്ഥാപനങ്ങളും. കേന്ദ്ര ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം എപ്രിൽ മാസത്തിൽ നടത്തിയ വിശദപരിശോധനയിലൂടെയാണ്‌ അംഗീകാരത്തിനായി ഈ ആശുപത്രികളെ തെരഞ്ഞെടുത്തത്. എപ്രിൽ 21, 22 തൃപ്പൂണിത്തുറ, 25, 26 രായമംഗലം, 27, 28 മണീട് എന്നിങ്ങനെയാണ്‌ കേന്ദ്രസംഘം സന്ദർശനം നടത്തിയത്.

date