Skip to main content
നാളെ നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി  ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ  നടന്ന യോഗ റിഹേഴ്സലിൽ നിന്ന്.

അന്താരാഷ്ട്ര യോഗ ദിനം ചൊവ്വാഴ്ച്ച ഫോർട്ട്കൊച്ചിയിൽ കേന്ദ്ര മന്ത്രി  ജനറൽ (ഡോ) വി.കെ സിങ്  ഉദ്ഘാടനം ചെയ്യും

 

         അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റി സംഘടിപ്പിക്കുന്ന യോഗ ദിനാഘോഷ പരിപാടികൾ ചൊവ്വാഴ്ച(ജൂൺ 21)  രാവിലെ 5.30 മുതൽ ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടക്കും.  രാവിലെ 6 ന്  കേന്ദ്ര ഗതാഗത, ദേശീയ പാത, വ്യോമയാന വകുപ്പ് മന്ത്രി ജനറൽ (ഡോ). വി കെ സിങ് ഉദ്ഘാടനം നിർവഹിക്കും.  ആസാദി കാ അമൃത് മഹോത്സവത്തിന്റെ  ഭാഗമായി രാജ്യത്തെ 75 നഗരങ്ങളിലാണ് യോഗാദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 

        കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ്  വേദികൾ. ദിനാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 6.40 ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. 

        യോഗ  മാനവസമൂഹത്തിന് (Yoga for Humanity) എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ സന്ദേശം. കോവിഡ് കാലത്ത് മനുഷ്യർ നേരിട്ട ആരോഗ്യവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് യോഗ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്. കോവിഡാനന്തര കാലത്തെ പുനർ നിർമാണ പ്രവർത്തനങ്ങളെ സഹാനുഭൂതിയിലൂടെയും അനുകമ്പയോടെയും ചേർത്തു നിർത്താൻ യോഗയ്ക്ക് സാധിക്കണമെന്ന സന്ദേശവും ആ ആശയം പങ്കുവയ്ക്കുന്നുണ്ട്. 

      ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന യോഗ പ്രദർശനത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ഞൂറോളം  പേർ പങ്കെടുക്കും.

date