Skip to main content
എന്റെ തൊഴിൽ എന്റെ അഭിമാനം"  ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെത്തി വിവരശേഖരണം  നടത്തുന്ന കുടുംബശ്രീ പ്രവർത്തകർ.

എന്റെ തൊഴിൽ എന്റെ അഭിമാനം" ക്യാമ്പയിൻ : ജില്ലയിൽ 4,48,291 പേർ രജിസ്റ്റർ ചെയ്തു 

 

•  7,39,937 കുടുംബങ്ങളിൽ സർവ്വേ  പൂർത്തിയായി, ജൂൺ 23ന് സർവ്വേ അവസാനിക്കും.

 അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന" എന്റെ തൊഴിൽ എന്റെ അഭിമാനം" ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു.കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ആഗോള തൊഴിൽമേഖലകളിൽ അവസരമൊരുക്കുന്നതിനുമായി സംസ്ഥാന സർക്കാർ തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ജില്ലയിൽ ജൂൺ എട്ടിനാണ് സർവേയ്ക്ക് തുടക്കംകുറിച്ചത്. മറ്റു ജില്ലയിലെ സർവ്വേ നടപടികൾ പൂർത്തിയായി. ജില്ലയിലാകെ ഇതുവരെ  7,39,937 കുടുംബങ്ങളിൽ സർവേ നടപടികൾ പൂർത്തിയായി.

കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ  എന്യൂമറേറ്റർമാർ വഴിയാണ് വിവരണശേഖരണം നടക്കുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ എ.ഡി.എസ് ഭാരവാഹികളിൽ നിന്നും ഓക്സിലറി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുത്ത വനിതകളാണിവർ. ഡിജിറ്റൽ യൂണിവേഴ്സിറ്റി രൂപകൽപന ചെയ്ത ‘ജാലകം’ മൊബൈൽ ആപ്ളിക്കേഷൻ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നത്.4,48,291 തൊഴിലന്വേഷകരുടെ  വിവരശേഖരണം ആണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. ഈ മാസം 23 ന് സർവ്വേ നടപടികൾ പൂർത്തിയാകും.
പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീ എന്യൂമറേറ്റർമാർ ഓരോ വീടുകളിലും നേരിട്ടെത്തി പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും -59നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

നോളജ് എക്കണോമി മിഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് എന്യൂമറേറ്റർമാർ നൽകുന്ന ലഘുലേഖയിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ഗുണഭോക്താക്കൾക്ക് തങ്ങളുടെ വിവരങ്ങൾ ഓൺലൈൻ ഡിജിറ്റൽ പ്ളാറ്റ്ഫോമായ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാം .
ഇതിന് എന്യുമറേറ്റർമാർ സഹായിക്കും.തൊഴിൽ ദാതാക്കൾക്കും  തൊഴിലന്വേഷകർക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് വഴി തൊഴിൽ കണ്ടെത്താനുള്ള കൂടുതൽ സാധ്യതകളാണ് വഴിതുറക്കുന്നത്. സർവേയിലൂടെ കണ്ടെത്തിയ മുഴുവൻ ഗുണഭോക്താക്കളുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തുവെന്ന്  കമ്യൂണിറ്റി  അംബാസഡർമാർ മുഖേന ഉറപ്പു വരുത്തും.  ഒരു വർഷത്തിനുളളിൽ  പത്തു ലക്ഷം അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെയെങ്കിലും ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിക്കാനും ക്യാമ്പയിൻ  ലക്ഷ്യമിടുന്നു.

date