Skip to main content

ബിനിതയ്ക്ക് എസ്. എസ്. എൽ. സി യിൽ മികച്ച വിജയം; കാൻസറിനെതിരെയും എ പ്ലസ് പോരാട്ടത്തിൽ പട്ടിക ജാതി വകുപ്പ് ചികിത്സാസഹായം കൈമാറി

 

എസ്. എസ്. എൽ. സി പരീക്ഷക്ക് ഒരുങ്ങുമ്പോൾ കാൻസർ രോഗം ക്ഷണിക്കപ്പെടാത്ത അതിഥി ആയി ബിനിതയുടെ ജീവിതത്തിൽ എത്തിയെങ്കിലും വാശിയോടെ പരീക്ഷയെയും രോഗത്തെയും നേരിടാനായിരുന്നു അവളുടെ തീരുമാനം.  ആദ്യ കടമ്പയായ പരീക്ഷയിൽ മികച്ച മാർക്ക്  നേടുമ്പോൾ ബിനിത രോഗത്തിൽ നിന്ന് മുക്തയാകുമെന്ന പൂർണമായ ആത്മവിശ്വാസത്തിലാണ്. ആത്മവിശ്വാസത്തിന് കരുത്തെന്ന വണ്ണം ചികിത്സ സഹായം നൽകി കരുതൽ പങ്കിടുകയാണ് പട്ടിക ജാതി
 വികസന വകുപ്പ്. ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായമായ 50000 രൂപ  അക്കൗണ്ടിലേക്ക് കൈ മാറി കഴിഞ്ഞു. തുടർ സഹായം എന്ന നിലയിൽ കൂടുതൽ ധനസഹായം ഉറപ്പാക്കാനും ശ്രമങ്ങൾ നടക്കുകയാണ്.

വടവുകോട് ചോയ്ക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളായ ബിനിതക്ക് പരീക്ഷക്ക് ഒരുങ്ങുന്നതിനിടെ ആണ് കാൻസർ സ്ഥിരീകരിച്ചത്. ആദ്യം പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലും ഇപ്പോൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും ആണ് ചികിത്സിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും അത്യാഹിതങ്ങൾ സംഭവിച്ചവർക്കും  ചികിത്സ ധനസഹായം നൽകുന്ന ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സ സഹായമായ 50000 രൂപയാണ് അനുവദിച്ചത്.വടവുകോട് ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസിൽ ആണ് ബിനിത അപേക്ഷ സമർപ്പിച്ചത്.

date