Skip to main content

ലൈഫ് മിഷൻ കരട് പട്ടിക:  ജില്ലയിൽ 2464 അപ്പീലുകൾ 

 

         ലൈഫ് മിഷൻ രണ്ടാംഘട്ട കരട് പട്ടികയുടെ   ഒന്നാംഘട്ട അപ്പീൽ നൽകാനുള്ള സമയപരിധി അവസാനിക്കുമ്പോൾ എറണാകുളം ജില്ലയിൽ ലഭ്യമായത് 2464 അപ്പീലുകളും 24 പരാതികളും. ഭൂവുടമകളായ ഭവനരഹിതരുടെ 1888  അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തുകളിൽ 1855,  നഗരസഭകളിൽ  29, കൊച്ചി കോർപ്പറേഷനിൽ നാലും  അപ്പീലുകൾ ലഭിച്ചു.

 ഭൂരഹിതരായ ഭവനരഹിതരുടെ 576 അപ്പീലുകളാണ് ജില്ലയിൽ ലഭിച്ചിട്ടുള്ളത്. 
 ഇതിൽ നഗരസഭകളിൽ  66, കോർപ്പറേഷൻ 23, ബ്ലോക്ക് പഞ്ചായത്തുകളിൽ  487 അപ്പീലുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അപ്പീലുകൾ ലഭിച്ചിരിക്കുന്നത് കോതമംഗലം ബ്ലോക്കിൽ നിന്നാണ്. ഭൂമി സ്വന്തമായുള്ള ഭവനരഹിതരുടെ 381 അപ്പീലുകളും, ഭൂരഹിതരും ഭവനരഹിതരുമായവരുടെ 65 അപ്പീലുകളും ഇവിടെ ലഭ്യമായിട്ടുണ്ട്.

     കരട് പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും, ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാക്രമത്തിൽ ആക്ഷേപമുണ്ടെന്നും ചൂണ്ടിക്കാട്ടി 24 പരാതികളാണ് ലഭിച്ചിരിക്കുന്നത്. വാഴക്കുളം വൈപ്പിൻ, ബ്ലോക്കുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ.

        ആദ്യഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം  ജൂൺ 17ന് അവസാനിച്ചിരുന്നു. ഈ മാസം 29 നകം അപ്പീലുകൾ തീർപ്പാക്കും. പഞ്ചായത്തുകളിലെ അപ്പീലുകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ സമിതിയും,നഗരസഭകളിലേത് നഗരസഭാ സെക്രട്ടറി അധ്യക്ഷനായ സമിതിയുമാണ് തീർപ്പാക്കുന്നത്.

അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിച്ച ശേഷം  പുതിയ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടുവരെ രണ്ടാംഘട്ട അപ്പീൽ  നൽകാം. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് രണ്ടാംഘട്ട അപ്പീലുകൾ പരിശോധിക്കുക.തുടർന്ന് കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഈ പട്ടിക  ഗ്രാമ/ വാർഡ്  സഭകളും , പഞ്ചായത്ത്/ നഗരസഭാ ഭരണ സമിതികളും ചർച്ചചെയ്ത് അംഗീകരിക്കും. ഓഗസ്റ്റ് 16 ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും .

date