Skip to main content
എറണാകുളം മഹാരാജാസ് കോളജിൽ നടന്ന ചടങ്ങിൽ വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വിദ്യാർഥിനി വൈഷ്ണവിക്ക് പുസ്തകം നൽകി  ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിക്കുന്നു. ഡോ. സുമി ജോയി ഓലിയപ്പുറം, ഹരീഷ് ആർ നമ്പൂതിരിപ്പാട്, സി.ഐ.സി.സി ജയചന്ദ്രൻ,  നിജാസ് ജുവൽ, ഡോ. ജയമോൾ, ചന്ദ്രഹാസൻ വടുതല, എം.ആർ സുരേന്ദ്രൻ തുടങ്ങിയവർ സമീപം

വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം: സിവിൽ സർവീസിൽ വിജയത്തിലേക്കെത്തിച്ചത്  മികച്ച വായന: ജില്ലാ കളക്ടർ

 

        യു.പി.എസ്.സി പരീക്ഷയ്ക്ക്  മികച്ച വിജയം നേടുവാൻ  തനിക്ക് തുണയായത് ആഴത്തിലുള്ള വായനയാണെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. വിദ്യാർത്ഥികൾ വായനയുടെ മഹത്വം മനസിലാക്കി  ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കി മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ ശ്രദ്ധിക്കണമെന്നും  തന്റെ വായനാനുഭവം ജീവിതത്തിൽ ഉണ്ടാക്കിയ വിജയം അനുസ്മരിച്ച്  ജില്ലാ കളക്ടർ പറഞ്ഞു. 

    എറണാകുളം മഹാരാജാസ് കോളജിൽ വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.

        നേരം പോക്കിനായി തുടങ്ങിയ വായന ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും വായിച്ചു തീർക്കുവാനും പുതിയ പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലത്തിലേക്കും  തന്നെ നയിച്ചതായി കളക്ടർ പറഞ്ഞു.  മുൻഷി പ്രേംചന്ദിന്റെ ഉറുദു പുസ്തകങ്ങളാണ് വായിച്ചു തുടങ്ങിയത്. അത് പിന്നീട് യു പി എസ് സിയിൽ മികച്ച വിജയം നേടുവാനും സാധിച്ചു.

       വായിച്ചു ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ നന്നായി എഴുതാനും നമ്മുക്ക് സാധിക്കും.  നല്ല വായന ഉണ്ടെങ്കിൽ മാത്രമേ നന്നായി എഴുതുവാൻ കഴിയു. ആധികാരികമായ വായന പുസ്തകത്തിലൂടെയാണ് സാധിക്കുന്നത്.
സോഷ്യൽ മീഡിയ, ഇ-ബുക്ക് എന്നിങ്ങനെ നിരവധി സാധ്യതകൾ  വായനയ്ക്കായി ഉപയോഗിക്കാൻ കഴിയും. നല്ല ഉറവിടങ്ങൾ കണ്ടെത്തി വായനയിൽ താൽപര്യം വർദ്ധിപ്പിക്കാൻ ഇത്തരം മേഖലകൾ ഉപയോഗിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കണം. മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ കഴിയണം. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി കോളജിൽ നിന്ന് ഇറങ്ങുന്ന വിദ്യാർഥികൾക്ക് അഞ്ച് വർഷങ്ങൾ കൊണ്ട് 60 പുസ്തകമെങ്കിലും വായിക്കാൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.

      
     പി.എൻ പണിക്കർ ദിനത്തോടനുബന്ധിച്ച്
വായന പക്ഷാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം കളക്ടർ നിർവഹിച്ചത് മഹാരാജാസ്  കോളേജിലെ  ബി.എ മലയാളം വിഭാഗം  വിദ്യാർത്ഥിനിയായ വി. വൈഷ്ണവിക്ക്  ഡോ. ഗോപി പുതുക്കോട് എഴുതിയ ഗ്രന്‌ഥാലയ മഹർഷി - പി.എൻ പണിക്കർ എന്ന പുസ്തകം നൽകിയാണ്.

       ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലും മഹാരാജാസ് മലയാള വിഭാഗവും പി.എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

      ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനത്തിന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രനെ  പുരസ്കാരം നൽകി ആദരിച്ചു. 

    1949 ൽ മഹാരാജാസ് കോളേജിൽ ഇന്റർമീഡിയേറ്റിനു പഠിച്ച വി. രാഘവന്റെ പുസ്തക ശേഖരം അദ്ദേഹത്തിന്റെ മകൾ ഡോ. ഷീല നമ്പൂതിരി മലയാളം റഫറൻസ് വിഭാഗത്തിലേക്ക് കൈമാറി.

       മഹാരാജാസ് കോളേജ് വൈസ്  പ്രിൻസിപ്പൽ കെ.വി ജയമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അജയ് പി. മങ്ങാട്ട് മുഖ്യാതിഥി ആയിരുന്നു. പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, മഹാരാജാസ് കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, മഹാരാജാസ് കോളേജ്  ഗവേണിങ്ങ് ബോഡി മെമ്പർ എം.എസ് മുരളി,  മഹാരാജാസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ,  പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ ഹരീഷ് ആർ നമ്പൂതിരിപ്പാട്  തുടങ്ങിയവർ സംബന്ധിച്ചു.

        ചടങ്ങിൽ   ആകാശം നഷ്ടപ്പെട്ട പക്ഷികൾ എന്ന വിഷയത്തിൽ നടന്ന ചെറുകഥാ മത്സരത്തിൽ ഒന്നും, രണ്ടും  മൂന്നും സ്ഥാന ജേതാക്കളായ കെ.എസ് അഭിലാഷ്  ( രണ്ടാം വർഷ എം.എ മലയാളം), ബി.പി പഞ്ചമി (രണ്ടാം വർഷ എം.എ മലയാളം), നമിത സേതു കുമാർ (ഒന്നാം വർഷ മലയാളം എം.എം) എന്നിവർ കളക്ടറിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. എം.ജി യൂണിവേഴ്സിറ്റി കലാപ്രതിഭയായ  മൂന്നാം വർഷ വിദ്യാർത്ഥി അമർ നാഥും കളക്ടറിൽ നിന്നും സമ്മാനം സ്വീകരിച്ചു.

       ഉദ്ഘാടനത്തിന്ശേഷം എഴുത്തുകാരൻ അജയ് പി. മങ്ങാട്ട് വിദ്യാർത്ഥികളുമായി സംവാദം നടത്തി. ശേഷം വിദ്യാർത്ഥികളുടെ മോണോ ആക്ടും കവിതാ പാരായണവും നടന്നു.

date