Skip to main content

അർദ്ധ രാത്രിയിൽ അശ്രദ്ധമായ ഡ്രൈവിംങ്ങ് ; ലൈസൻസ് തത്കാലികമായി റദ്ദാക്കി

 

അർദ്ധ രാത്രിയിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച ഇരുചക്ര വാഹന ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ മൂന്നു മാസത്തേക്ക് റദ്ദാക്കി. പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയായ പി. എസ് അശ്വന്ത് എന്നയാളുടെ ലൈസൻസാണ് ജൂലൈ ഒന്നു മുതൽ മൂന്ന് മാസത്തേക്ക് റദാക്കിയത്.

ജൂൺ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലാരിവട്ടം -തമ്മനം മേഖലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഭയപ്പെടുത്തുന്ന ശബ്ദത്തോട് കൂടി  രൂപമാറ്റം വരുത്തിയ വാഹനമോടിച്ചു കൊണ്ട് വരവേ ആശ്വന്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തി. വാഹനം നിർത്താനായി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിജോയ് പീറ്റർ നിർദേശം നൽകിയപ്പോൾ അശ്രദ്ധമായി വാഹനമോടിച്ചു കടന്നു കളഞ്ഞു. കുറച്ചു സമയത്തിന് ശേഷം സ്‌ക്വാഷ് കഫേക്ക് സമീപം നടത്തിയ പരിശോധനയിൽ ആശ്വന്തിന്റെ വാഹനം വീണ്ടും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തു പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ തത്കാലികമായി സൂക്ഷിക്കാൻ ഏല്പിച്ചു.  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ മറുപടി നല്കാത്ത സാഹചര്യത്തിലാണ് ആശ്വന്തിന്റെ ലൈസൻസ് ലൈസൻസിങ്ങ് അതോറിറ്റി റദ്ദാക്കിയത്.

ജില്ലയിൽ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കാനുള്ള തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

date