Skip to main content
വെണ്ണിക്കുളം കലാസാംസ്കാരിക സംഘം യുവജന വായനശാല

അക്ഷരപ്പെരുമയിൽ സമ്പന്നമാണ് തിരുവാണിയൂർ

 

യുവത്വം വായനയിൽ നിന്ന് അകന്നു പോകുമ്പോൾ വായനയുടെ ഈറ്റില്ലമായി മാറുകയാണ് എറണാകുളം ജില്ലയിലെ തിരുവാണിയൂർ പഞ്ചായത്ത്. വായനശാലകളുടെ നാടായ തിരുവാണിയൂരിൽ സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ അഫിലിയേഷനുള്ള 15 വായനശാലകളാണുള്ളത്. ഇതിൽ ഒൻപത് വായനശാലകൾക്ക് അംഗീകാരം ലഭിച്ചതാകട്ടെ ഒരു വർഷം കൊണ്ടും. പഞ്ചായത്തിലെ രണ്ട് വായനശാലകൾ കൂടി അഫിലിയേഷൻ നേടാനുള്ള ഒരുക്കത്തിലാണ്. വായനശാലകൾ ആധുനിക വൽക്കരിക്കുന്ന അതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.

കണ്ണൂർ മയ്യിൽ പഞ്ചായത്ത് കഴിഞ്ഞാൽ ഏറ്റവുമധികം വായനശാലകളുള്ള ഗ്രാമമാണ് തിരുവാണിയൂരെന്ന് ഗ്രന്ഥശാല നേതൃസംഘം പറയുന്നു. ഒരു സ്കൂൾ ആരംഭിക്കാനുള്ള ശ്രമമാണ് ഒൻപത് വായനശാലകളിലേക്ക് എത്തിയത്. ഗ്രന്ഥശാല നേതൃസംഘം ഭാരവാഹിയായ ഡോ. കെ. ആർ. പ്രഭാകരനായിരുന്നു ഇതിന് പിന്നിൽ. നാട്ടിൽ ഒരു എൽ.പി സ്കൂൾ ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ  ചങ്ങനാശേരി ഹിന്ദു കോളേജിലെ സംസ്കൃത വിഭാഗം മേധാവി കൂടിയായിരുന്ന അദ്ദേഹം അതിന് വേണ്ട ശ്രമങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. 

ഇത് ചെമ്മനാട് ബോധി എന്ന പേരിൽ ഒരു വായനശാല തുടങ്ങുന്നതിലേക്കായിരുന്നു എത്തിയത്. 2017ൽ ബോധിയുടെ ആരംഭത്തിന് പിന്നാലെ പ്രദേശത്തെ വലിയൊരു വിഭാഗം പേരും വായനയിലേക്ക് തിരിച്ചു വരുന്ന കാഴ്ചയായിരുന്നു കാണാനുണ്ടായത്. തുടർന്ന് പ്രദേശത്തെ ഗ്രന്ഥശാല പ്രവർത്തകർ പഞ്ചായത്തിൽ  വായനശാലകൾ അത്യാവശ്യമുള്ള പ്രദേശങ്ങൾ മനസ്സിലാക്കി ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

അഞ്ച് വർഷം മുൻപ് വരെ ആറ് വായനശാലകളായിരുന്നു പഞ്ചായത്തിൽ ഉണ്ടായിരുന്നത്. 1948ൽ സ്ഥാപിച്ച ചങ്ങമ്പുഴ സ്മാരക ലൈബ്രറിയാണ് ഇതിൽ ആദ്യത്തേത്. പിന്നീട് കൊടുമ്പൂർ യൂണിയൻ ലൈബ്രറി,   വെണ്ണിക്കുളം ഗ്രാമീണ വായനശാല, ആത്താണി ഫ്രണ്ട്സ്, വെണ്മണി റെഡ്സ്റ്റാർ, വെങ്കിട കെ.പി. ചെറിയാൻ സ്മാരക വായനശാല എന്നിവ കൂടി ആരംഭിച്ചു. 

പിന്നീടാണ് ബോധി വായനശാല, കാവുംപാട്ട് മഹാത്മാ അയ്യങ്കാളി ഗ്രാമീണ വായനശാല, കക്കാട് ഗ്രാമീണ വായനശാല, മറ്റക്കുഴി അനശ്വര, കുപ്പത്താഴം ഗാലക്സി, വടക്കേ ചെമ്മനാട് പബ്ലിക് ലൈബ്രറി, തോട്ടുങ്കമല ഡോ. അംബേദ്കർ സ്മാരക വായനശാല, പഴുക്കാമറ്റം മഹാത്മാഗാന്ധി ഗ്രാമീണ വായനശാല, മേപ്പാടം അധ്വാന ക്ലബ് ആൻ്റ് പബ്ലിക് ലൈബ്രറി, വെണ്ണിക്കുളം കലാ സാംസ്കാരിക സംഘം എന്നിവ ആരംഭിച്ചത്. 21 വർഷത്തിലായിരുന്നു ഇവയിൽ എട്ടെണ്ണത്തിനും ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ചത്.

ആകെ 16 വാർഡുകളുള്ള പഞ്ചായത്തിൽ 12 വാർഡുകളിലും ഓരോ വായനശാലകൾ വീതമുണ്ട്. നാലിടത്ത് രണ്ട് വീതം ലൈബ്രറികളുമുണ്ട്. വായനശാലകളില്ലാത്ത വാർഡുകളിൽ കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തിലെ ഗ്രന്ഥശാല പ്രവർത്തകർ. പഞ്ചായത്തിലെ ലൈബ്രറികൾ ആധുനിക വൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളൾക്ക് ഊന്നൽ നൽകുമെന്നും ഇവയെ മാതൃക വായനശാലകൾ ആക്കി മാറ്റുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗവുമായ ഷീജ വിശ്വനാഥൻ പറഞ്ഞു.

date