Skip to main content

നവകേരള കർമ്മ പദ്ധതി(ആർദ്രം)രണ്ടാം ഘട്ടം ജില്ലാതല കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു

 

നവകേരള കർമ്മപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളുടെ വാർഷിക സ്ക്രീനിംഗ് പരിപാടി  എറണാകുളം ജില്ലയിൽ ആരംഭിച്ചു. ശൈലി എന്ന ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ മുഖേന നിർദ്ദിഷ്ട ചോദ്യാവലിയുടെ സഹായത്തോടെ പ്രമേഹം, രക്തസമ്മർദ്ദം, വായയിലെ കാൻസർ,സ്തനാർബുദം,ഗർഭാശയമുഖ ക്യാൻസർ എന്നീ അസുഖങ്ങൾ വരാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആശാവർക്കർമാർ വീടുകളിലെത്തിയാണ് സർവ്വേ നടത്തുന്നത്. സർവേ ഫലമായി കിട്ടുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ രോഗ സാധ്യത കൂടുതൽ ഉള്ളവരെ തുടർ പരിശോധനകൾക്കായി ആരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങൾ,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യുന്നു.സർവ്വേ വഴി ജില്ലയിൽ വിവിധ ജീവിതശൈലി രോഗങ്ങൾ ഉള്ളവരുടെയും രോഗ സാധ്യത കൂടുതൽ ഉള്ളവരുടെയും കണക്ക് ആരോഗ്യവകുപ്പിന് ലഭ്യമാകുന്നു. അതിലൂടെ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗനിയന്ത്രണത്തിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ വകുപ്പിന് സാധിക്കും.

നവകേരള കർമ്മ പദ്ധതി രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്ന മറ്റ് പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.ജീവിതശൈലി രോഗങ്ങളുടെ ജില്ലാ നോഡൽ ഓഫീസർ ഡോ.കെ സവിത വിഷയാവതരണം നടത്തി.ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത്ത് ജോൺ,സ്റ്റേറ്റ് ലെവൽ എക്സ്പർട്ട് കമ്മിറ്റി മെമ്പർമാരായ  ഡോ. മാത്യൂസ്
നുമ്പേലി,ഡോ. നിഖിലേഷ് മേനോൻ,
നവകേരള കർമ്മപദ്ധതി II ജില്ലാ നോഡൽ ഓഫീസർ ഡോ.രോഹിണി സി, ഇതര ഗവൺമെൻറ് വകുപ്പ് പ്രതിനിധികൾ  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date