Skip to main content

ജാഗ്രത’, ‘ക്ഷമത’ പദ്ധതി ജില്ലയിൽ 6838 സ്ഥാപനങ്ങളിലും  130 പമ്പുകളിലും പരിശോധന നടത്തി

 

       സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച  ‘ജാഗ്രത’, ‘ക്ഷമത’ എന്നീ ഉപഭോക്തൃബോധവല്‍ക്കരണ, പരിശോധന പരിപാടികൾ  ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി.  ലീഗല്‍ മെട്രോളജി വകുപ്പിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 6838 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയ 82 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 

ക്ഷമത പദ്ധതിയോടനുബന്ധിച്ച് 130  പമ്പുകളിൽ പരിശോധന നടത്തുകയും ന്യൂനതകൾ കണ്ടെത്തിയ 8 പമ്പുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 818 നോസിലുകളും പരിശോധിച്ചു. ഇതിൽ 6 നോസിലുകൾക്ക് പോരായ്മകൾ കണ്ടെത്തി നോട്ടീസ് നൽകി. 

പരിശോധന നടത്തിയ പെട്രോൾ പമ്പുകൾ,  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കുറവുകൾ കണ്ടെത്തിയ കടയുടമയ്ക്ക് ഇതു സംബന്ധിച്ച ബോധവൽക്കരണം നൽകുകയും സമയബന്ധിതമായി കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ബി.ഐ സൈലാസ് പറഞ്ഞു. 

      സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തി മാർച്ച് 16നാണ് ജില്ലയിൽ പരിശോധനകൾ ആരംഭിച്ചത്. വിൽപ്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ ബിൽ, വിലവിവര പട്ടികകളുടെ പ്രദർശനം, ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കുന്നതിനു വേണ്ടിയാണ് ജാഗ്രത പദ്ധതി നടപ്പിലാക്കിയത്. പെട്രോൾ ഡീസൽ വിതരണ പമ്പുകളിലെ ഇന്ധനത്തിന്റെ അളവിലെ കൃത്യത, പമ്പിലെ ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ എന്നിവയാണ് ക്ഷമത പദ്ധതിയിൽ പരിശോധിച്ചത്.

date