Skip to main content

തൊഴിലുറപ്പ് തൊഴിൽ തർക്കം പരിഹരിച്ചു

 

വടവുകോട് ബ്ലോക്കിൽപ്പെട്ട ഐക്കരനാട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ ഉണ്ടായ  തർക്കങ്ങൾ മൂലം നിലനിന്നിരുന്ന  തൊഴിൽ പ്രതിസന്ധി എറണാകുളം ജില്ലാ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പായി. രണ്ടാം വാർഡിലെ അറുപത്തിയേഴ്‌ വയസ്സുള്ള  സ്ത്രീ തൊഴിലാളി തൊഴിൽ സ്ഥലത്തുവച്ച്  നടത്തുന്ന അനാവശ്യ സംസാരങ്ങളും പെരുമാറ്റവും നിമിത്തം മറ്റു സഹപ്രവർത്തകർക്ക്  ജോലിയെടുക്കുവാൻ സാധിക്കുന്നില്ല എന്നതായിരുന്നു കാരണം . സഹപ്രവർത്തകർ അവരെ നിയോഗിച്ച ജോലിയിൽ നിന്നു വിട്ടു നിന്നതു കൊണ്ടാണ് തൊഴിൽ പ്രതിസന്ധി ഉണ്ടായത്. തൊഴിലുറപ്പ് ഓംബുഡ്സ്മാൻ നടത്തിയ വിശദമായ അന്വേഷണത്തിന്റെയും,  തെളിവെടുപ്പിന്റെയും ബന്ധപ്പെട്ട കക്ഷികളും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും ആയി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിൽ  പരിഹാരമായി.ഓംബുഡ്സ്മാൻ തർക്ക പരിഹാരത്തിനായി നിർദ്ദേശിച്ച പ്രതിവിധി തർക്കത്തിൽ ഉൾപ്പെട്ട എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും അംഗീകരിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ തൊഴിൽത്തർക്കം രമ്യമായി ഒത്തുതീർപ്പാക്കി.  

ഓംബുഡ്സ്മാൻ എം.ഡി വർഗീസിന്‍റെ മധ്യസ്ഥതയിൽ വടവുകോട്  ബ്ലോക്ക് പ്രോജക്ട് ഓഫീസർ എസ്.ജ്യോതികുമാർ, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി എൻ .എം അബ്ദുൽ ലത്തീഫ് എന്നിവരുടെ സാന്നിധ്യത്തിൽ 2022 ജൂൺ 29  ന് എടുത്ത  തീരുമാനം ജൂലൈ ഒന്നു മുതൽ നടപ്പിലാവുന്നതാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ തൊഴിലുറപ്പ് തൊഴിലാളികളടക്കം ഉള്ളവരുടെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും സ്വീകരിക്കുന്നതിനും കേൾക്കുന്നതിനുമായി അവര്‍ക്കു വേണ്ട പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി തൊഴിലുറപ്പ് നിയമപ്രകാരം എല്ലാ ജില്ലകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാന്മാരെ നിയമിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ തൊഴിലുറപ്പ് ഓംബുഡ്സ്മാനെ ബന്ധപ്പെടുവാൻ 9895172273 എന്ന നമ്പറിൽ വിളിക്കുകയോ കാക്കനാട് കലക്ടറേറ്റിൽ അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ട് സന്ദർശിക്കുകയോ ചെയ്യാം.

date