Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-07-2022

വലിയവെളിച്ചം സപ്ലൈകോ ഗോഡൗൺ ഉദ്ഘാടനം ശനിയാഴ്ച

 

കൂത്തുപറമ്പ് വലിയവെളിച്ചത്ത് പുതുതായി നിർമ്മിച്ച സപ്ലൈകോ ഗോഡൗൺ ഉദ്ഘാടനം ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ടു മണിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയാകും. ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും വിതരണം ചെയ്യാനും ശാസ്ത്രീയ ഗോഡൗൺ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 28919 ചതുരശ്ര അടി വിസ്തീർണത്തിൽ ഗോഡൗൺ നിർമ്മിച്ചത്.

 

കൈതേരി മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ശനിയാഴ്ച

 

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കൈതേരിയിൽ ആരംഭിക്കുന്ന മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയാകും. കണ്ടംകുന്ന് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിലാണ് മാവേലി സൂപ്പർ സ്റ്റോർ നിലവിൽ വരുന്നത്.

 

വായനാ മാസാചരണം ക്വിസ് മത്സരം 9ന്

 

വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജിവിഎച്ച്എസ്എസിൽ നടക്കും. ഹൈസ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം വിദ്യാർഥികൾക്ക് പങ്കെടുക്കാം. സ്‌കൂൾ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുമായി രാവിലെ 9.30ന് മുമ്പായി എത്തുക. വിജയികൾക്ക് സമ്മാനത്തിനൊപ്പം തിരുവനന്തപുരത്ത് ജൂലൈ 16ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. വിദ്യാർഥിക്കും ഒരു രക്ഷിതാവിനുമുള്ള യാത്രാ ചിലവ് സംഘാടക സമിതി നൽകും. ഫോൺ: 9447482816, 9446457170.

 

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

 

കേരള കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ ജൂലൈ രണ്ട് മുതൽ ജൂലൈ നാല് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ജൂലൈ മൂന്ന് ഞായർ വില്ലേജ് ഓഫീസ് പ്രവർത്തിക്കും

 

വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി

 

സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വില്ലേജ് തല ഫയൽ അദാലത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കണമെന്ന് കലക്ടർ പറഞ്ഞു. ദീർഘനാളായി നിയമപ്രശ്നം കാരണം ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. അതു നിയമപരമായി തന്നെ ആലോചിച്ച് വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കണമെന്നും കലക്ടർ വ്യക്തമാക്കി. അഞ്ചരക്കണ്ടി വില്ലേജിലെ എട്ട് ഫയലുകളാണ് തീർപ്പാക്കിയത്.

കൊവിഡ് കാരണം 2021 ഡിസംബർ 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകളാണ് തീർപ്പാക്കുക. ഇതിന്റെ ഭാഗമായി ജൂലൈ മൂന്നിന് ഞായറാഴ്ച ജില്ലയിലെ വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കും.

അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, പഞ്ചായത്ത് അംഗം സി കെ അനിൽകുമാർ, ഭൂരേഖ തഹസിൽദാർ കെ ചന്ദ്രശേഖരൻ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസർ കെ സ്മിത എന്നിവർ സംസാരിച്ചു.

 

കണ്ണൂരിൽ ബക്രീദ് ഖാദി മേളക്ക് തുടക്കം 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടത്തുന്ന ബക്രീദ് ഖാദി മേള തുടക്കമായി. ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. 

ഖാദി സമ്മർകൂൾ ഷർട്ട്, ഖാദി സമ്മർകൂൾ സിൽക്ക് സാരി, ഡാക്ക മസ്ലിൻ ഷർട്ട് പീസുകൾ, മനില ഷർട്ടിങ്, ഖാദി മുണ്ട്, ദോത്തികൾ എന്നിവയാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.  30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും. തിരുവനന്തപുരം സുന്ദരിപ്പട്ടാണ് മേളയിലെ പ്രധാന ആകർഷണം. 5000 മുതൽ 9500 വരെ വില വരുന്ന ഇതിന് 20 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. ഖാദി ഉൽപ്പന്നങ്ങളായ തേൻ നെല്ലിക്ക, മസാജ് ഓയിൽ, ബേബി ഫുഡ്, ഹെയർ ഓയിൽ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് 50,000 രൂപ വരെയുള്ള ഖാദി ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾമെൻറായും ലഭിക്കും. ജൂലൈ എട്ട് വരെയാണ് മേള. 

എൽ എസ് ജി ഡി അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർ ഡി വി അബ്ദുൾ ജലീൽ ആദ്യ വിൽപന ഏറ്റുവാങ്ങി. 

ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, പി കെ സി ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ കെ വി ഗിരീഷ് കുമാർ, ഖാദി കണ്ണൂർ പ്രൊജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, ഐ ഐ ടി മദ്രാസ് പ്രതിനിധികളായ പ്രൊഫ. സജി കെ മാത്യു, പ്രൊഫ. പ്രകാശ് സായ് തുടങ്ങിയവർ പങ്കെടുത്തു.

 

ഖാദി മുന്നേറ്റത്തിന് മാസ്റ്റർ പ്ലാൻ; 

മദ്രാസ് ഐ ഐ ടി സംഘം ജില്ലയിലെത്തി 

 

കേരളത്തിലെ ഖാദി മേഖലയുടെ സമഗ്രമാറ്റത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്ന മദ്രാസ് ഐ ഐ ടി സംഘം കണ്ണൂരിൽ സന്ദർശനം നടത്തി. മാസ്റ്റർ പ്ലാൻ പഠനം നടത്തുന്ന മദ്രാസ് ഐ ഐ ടി മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസർമാരായ സജി കെ മാത്യു, പ്രകാശ് സായ് എന്നിവരാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജില്ലയിൽ എത്തിയത്.

ബോർഡ് വൈസ് ചെയർമാൻ പി ജയരാജനുമായി സംഘം ആശയവിനിമയം നടത്തി. തുടർന്ന് പയ്യന്നൂർ ഖാദി കേന്ദ്രം ബെഡ് യൂണിറ്റ്, റെഡിമെയ്ഡ് യൂണിറ്റ്, ഗോഡൗൺ, പയ്യന്നൂർ യാൺ ഡൈയിങ് സെന്റർ, വീവിങ് സെന്റർ തുടങ്ങിയവ നേരിൽ കണ്ട് പ്രവർത്തനങ്ങൾ മനസ്സിലാക്കി. പയ്യന്നൂർ ഖാദി കേന്ദ്രത്തിലെയും, കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിലെയും ജീവനക്കാരുമായി ഇവർ ആശയവിനിമയം നടത്തി.

ഖാദി ബോർഡും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ഹോർട്ടി കോർപ്പിന്റെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തേൻ മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണ ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരുമായും സംഘം സംസാരിച്ചു.

ഉൽപ്പന്ന വൈവിധ്യവൽക്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ ഖാദി ബോർഡിനെ കാലാനുസൃതമായി നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.

 

തേൻ മൂല്യവർധിത ഉത്പന്ന നിർമ്മാണം: 

ത്രിദിന പരിശീലന പരിപാടി തുടങ്ങി

 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവ ഹോർട്ടികോർപ്പിന്റെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തേൻ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം ത്രിദിന പരിശീലന പരിപാടി തുടങ്ങി. ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തി കർഷകരെ സംരക്ഷിക്കാനുള്ള വിപണന ശൃംഖല ഖാദി ബോർഡിലും നമ്മുടെ സർക്കാർ സംവിധാനത്തിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ബി സുനിൽ ക്ലാസെടുത്തു. 

 

കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി, ബികോം

 

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർക്ക് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ചെയ്ത ശേഷം ഐ എച്ച് ആർ ഡി യുടെ അഡ്മിഷൻ പോർട്ടലായ http://ihrd.kerala.gov.in വഴി അപേക്ഷ ഓൺലൈനായോ ഓഫ്ലൈനായോ സമർപ്പിക്കാം. അവസാന തീയതി ജൂലൈ 15. ഫോൺ: 0460 2206050, 8547005048.

 

ലേലം

 

കണ്ണൂർ ഗവ. ഐ ടി ഐയുടെ അധീനതയിലുള്ളതും ഉപയോഗശൂന്യവുമായ സാധന സാമഗ്രികൾ ജൂലൈ 15ന് ഉച്ചക്ക് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 04972 835183.

 

ക്വട്ടേഷൻ

 

കണ്ണൂർ ഗവ. ഐ ടി ഐയോടനുബന്ധിച്ച കെട്ടിടത്തിൽ കാന്റീൻ നടത്തിപ്പിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ.ഐ ടി ഐ, കണ്ണൂർ-7 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ക്വട്ടേഷൻ സമർപ്പിക്കാം. അവസാന തീയ്യതി ജൂലൈ 15 മൂന്ന് മണി. ഫോൺ: 04972 835183.

 

ഡയറി പ്രമോട്ടർ നിയമനം

 

കല്യാശ്ശേരി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെ തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിൽ ഡയറി പ്രമോട്ടറെ താൽക്കാലികമായി നിയമിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 45നും മധ്യേ. പ്രതിമാസം 8,000 രൂപ പ്രതിഫലം. അപേക്ഷാ ഫോറം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ ലഭിക്കും. അപേക്ഷകൾ ജൂലൈ നാല് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. ഫോൺ: 8921528198, 9895103400.

 

വിശദീകരണം നൽകണം  

 

അരോളി വാച്ചാക്കൽ 'ചൈതന്യ'യിൽ എം വി ലീന തളിപ്പറമ്പ് വികസന പരിശീലന കേന്ദ്രത്തിൽ എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലിരിക്കെ ശൂന്യവേതനാവധിയിൽ പോയി നിശ്ചിത തീയതിക്കകം തിരികെ ജോലിയിൽ പ്രവേശിക്കാത്തതു സംബന്ധിച്ച നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ 15 ദിവസത്തിനകം എതിർവാദ പത്രികയോ വിശദീകരണമോ നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അല്ലാത്തപക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

 

ഹരിതമോഹനം: കല്യാശ്ശേരി മണ്ഡലതല ഉദ്ഘാടനം ശനിയാഴ്ച

 

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'ഹരിതമോഹനം' പദ്ധതിയുടെ കല്യാശ്ശേരി മണ്ഡലതല ഉദ്ഘാടനം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് പുറച്ചേരി ഗവ യു പി സ്‌കൂളിൽ നടക്കും. ശാസ്ത്രീയ കൃഷി സംസ്‌കാരവും സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുകയാണ് ലക്ഷ്യം. ചടങ്ങിൽ എം വിജിൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും.

 

എൻഡ്യൂറൻസ് ടെസ്റ്റ്: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

 

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്വ് ബറ്റാലിയൻ-കമാൻഡോ വിംഗ്-136/2022) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റിന്റെ ഭാഗമായി അഞ്ച് കിലോമീറ്റർ ഓട്ടം ജൂലൈ അഞ്ച് മുതൽ 13 വരെയും (ജൂലൈ ഒമ്പത് ഒഴികെ), ജൂലൈ 19 മുതൽ 24 വരെയും ധർമ്മശാല-കണ്ണപുരം റോഡിലും പട്ടുവം-കാവിൻ മുനമ്പ്-മുള്ളൂൽ റോഡിലും നടക്കും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ പരീക്ഷ അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

 

കന്നുകുട്ടി ദത്തെടുക്കൽ: അപേക്ഷ ക്ഷണിച്ചു

 

ക്ഷീരവികസന വകുപ്പ് 2022-23 വർഷം നടപ്പാക്കുന്ന കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. കന്നുകുട്ടി പരിപാലനത്തിൽ ശാസത്രീയ അവബോധം നൽകുകയാണ് ലക്ഷ്യം. 2021-22 വർഷം 500 ലിറ്ററിൽ കുറയാതെ പാൽ ക്ഷീര സംഘത്തിൽ നൽകിയവരാകണം അപേക്ഷകർ. ആഗസ്റ്റ് എട്ടാം തീയതി വെച്ച് എട്ട് മാസത്തിനുമേൽ ഗർഭാവസ്ഥയിലുള്ള പശുക്കളുടെ ഉടമകൾക്ക് അപേക്ഷിക്കാം. ഒരു കർഷകന് പരമാവധി രണ്ട് കന്നുകുട്ടികൾക്കാണ് ധനസഹായം ലഭിക്കുക. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും ഗുണഭോക്തൃ വിഹിതമായി 1550 രൂപയും അടക്കണം. പദ്ധതിയിലൂടെ കർഷകർക്ക് വിവിധ ഇനങ്ങളിലായി 4650 രൂപയുടെ ആനുകൂല്യം ലഭിക്കും. അപേക്ഷകൾ ക്ഷീര സഹകരണ സംഘം മുഖേന ബ്ലോക്കുതലത്തിലുള്ള ക്ഷീരവികസന യൂണിറ്റുകളിൽ ജൂലൈ 10ന് മുമ്പ് നൽകണം. ഫോൺ: 0497 2707859.

 

അസി. പ്രൊഫസർ നിയമനം

 

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ജൂലൈ നാല് തിങ്കൾ രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് മുമ്പ് പോളിടെക്നിക് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400.

 

ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

 

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി നടത്തുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആൻഡ് ടെക്സ്‌റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷാഫോറം www.iihtkannur.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഓഫീസിൽ നിന്നും ലഭിക്കും. വിശദ വിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂർ, പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ 7 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0497 2835390, 2965390.  

 

ക്വട്ടേഷൻ

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിൽ കൺസ്യൂമബിൾ ഗുഡ്സ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ഉച്ചക്ക് 12.30. ഫോൺ: 0497 2780226.

date