Skip to main content
കൊച്ചി നിയമ സഭ മണ്ഡലത്തിൽ നടപ്പാക്കുന്ന അക്ഷര ദീപം പദ്ധതി അവലോകന യോഗത്തിൽ കെ. ജെ. മാക്സി എം. എൽ. എ സംസാരിക്കുന്നു

അക്ഷരദീപം  പദ്ധതിയുടെ അവലോകനയോഗം ചേർന്നു

 

കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ കൊച്ചി നിയമസഭ മണ്ഡലത്തിൽ നടപ്പാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ അവലോകനയോഗം ചേർന്നു. വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനം ലക്ഷ്യം വെക്കുന്ന   പദ്ധതി പ്രകാരം മണ്ഡലത്തിലെ 42 വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം, മികച്ച വിജയം കരസ്ഥമാക്കുന്ന കുട്ടികൾക്ക് പ്രതിഭ പുരസ്കാരം, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ഗുരുദക്ഷിണ തുടങ്ങിയവ നടത്തി വന്നിരുന്നു.  കൊറോണ മൂലം കഴിഞ്ഞ വർഷങ്ങളിൽ പദ്ധതി സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. കോവിഡാനന്തരം സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ ആണ്  പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചത്. ബിപിസിഎൽ സി.എസ്.ആർ.ഫണ്ടും എം.എൽ.എ ഫണ്ടുമാണ് ഇതിനായി വിനിയോഗിക്കുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ബേബി തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജെ മാക്സി എം.എൽ.എ ആമുഖപ്രഭാഷണം നടത്തി.

പദ്ധതിയുടെ ഭാഗമായി ഈ അധ്യായന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിക്കുന്ന ഗുരുദക്ഷിണ പദ്ധതിയും, മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ പുരസ്കാര പദ്ധതിയും സംഘടിപ്പിക്കും.  കുട്ടികളിൽ കാലാവാസന വളർത്താനും കൊച്ചിയുടെ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുവാനും അവസരം ഒരുക്കും.

ഫോർട്ട് കൊച്ചി സബ് കളക്ടർ വിഷ്ണുരാജ്, കൊച്ചിൻ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാലാൽ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു, ചെല്ലാനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. ജോസഫ്, എറണാകുളം ഡി.ഇ.ഒ.സാജു കോർട്ടൻ, മട്ടാഞ്ചേരി എ.ഇ.ഒ എൻ. സുധ , ഫാ. സിജു പാലിയത്തറ, കൊച്ചി ബിനാലെ കോർഡിനേറ്റർ ബോണി തോമസ്, അധ്യാപക സംഘടന പ്രതിനിധികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date