Skip to main content
റവന്യൂ വകുപ്പില്‍ നടത്തുന്ന ഫയല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും

ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കും:  മന്ത്രി കെ. രാജന്‍  എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങള്‍  വിതരണം ചെയ്യും  റവന്യു ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനവും  കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു

 

    ഭൂരഹിതരില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തോടനുബന്ധിച്ച് റവന്യൂ വകുപ്പില്‍ നടത്തുന്ന ഫയല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

    അവകാശികളില്ലാത്ത ഭൂമി കേരളത്തില്‍ ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ് റവന്യൂ വകുപ്പ് മുന്‍പോട്ട് പോകുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് അതു ലഭ്യമാക്കുന്നതിനുള്ള പരിശ്രമം പുരോഗമിച്ചു വരികയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു വര്‍ഷം കൊണ്ട് 
54535 പട്ടയങ്ങളുടെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കിയത്.  വിതരണം ചെയ്തതും വിതരണത്തിന് തയ്യാറായിട്ടുള്ളതും നടപടികള്‍ പൂര്‍ത്തീകരിച്ചതുമായ പട്ടയങ്ങളുടെ കണക്കാണിത്. ഇതു ചെറിയൊരു കാര്യമല്ല. എറണാകുളം ജില്ലയില്‍ 2250 പട്ടയങ്ങളാണു വിതരണത്തിനു തയ്യാറായിരിക്കുന്നത്. അതില്‍ അഞ്ഞൂറോളം പട്ടയങ്ങള്‍ കോതമംഗലം മേഖലയില്‍ വരുന്നതാണ്.  മലയോര പ്രദേശമായ കോതമംഗലത്ത് നിരവധി പ്രശ്‌നങ്ങള്‍ തരണം ചെയ്താണു പട്ടയങ്ങള്‍ അനുവദിക്കുന്നത്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ സങ്കീര്‍ണമായ നിരവധി ചട്ടങ്ങളും ഉത്തരവുകളും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും പട്ടയം അനുവദിക്കുന്നതില്‍ അതൊരു പ്രതിബന്ധമായി മാറാറുണ്ട്. എങ്കിലും  എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു സങ്കീര്‍ണതകള്‍ പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി അനുവദിക്കാനാണു സര്‍ക്കാരിന്റെ തീവ്രശ്രമം. വനമേഖലയിലുള്ളവര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന നല്‍കി പട്ടയം നല്‍കും. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ സമീപനമല്ല സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കോതമംഗലം നിയോജകമണ്ഡലത്തിലെ
എല്ലാ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ടാക്കും 

    ഈ സാമ്പത്തിക വര്‍ഷം തന്നെ കോതമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കീരംപാറ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസുകളില്‍ ഒരാവശ്യവുമായി വരുന്നവരെ അനുഭാവത്തോടെ ഉദ്യോഗസ്ഥര്‍ പരിഗണിക്കണം. ഓഫീസിലെത്തുന്നവരുടെ പ്രതീക്ഷ കാക്കുന്ന വിധമാകണം ജീവനക്കാരുടെ പെരുമാറ്റമെന്നും മന്ത്രി പറഞ്ഞു. 

    'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാവാചകത്തെ മുന്‍ നിര്‍ത്തി റവന്യൂ ഓഫീസുകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.  ഭാവിയില്‍ വില്ലേജുകളിലെ സേവനങ്ങളെല്ലാം തന്നെ ഓണ്‍ലൈനായി ലഭ്യമാക്കും. ആളുകള്‍ കയറാത്ത വില്ലേജ് ഓഫീസുകള്‍ എന്നതാണ് അതുവഴി ഉദ്ദേശിക്കുന്നത്. അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും ഘട്ടം ഘട്ടമായി അതു യാഥാര്‍ത്ഥ്യമാക്കും. വില്ലേജുകളിലെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ജനകീയ സമിതികളുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കുന്നുണ്ട്. കാര്യക്ഷമമായി ഇനിയും അതു തുടരണം.  

    റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലുള്‍പ്പെടുത്തി ആകെ 44 ലക്ഷം രൂപ ചെലവിലാണ്  കീരംപാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  1350 ചതുരശ്ര അടിയാണ് ഓഫീസിന്റെ വലുപ്പം. ഇതില്‍ 4  ഓഫീസ് മുറികളും 3 ശുചിമുറികളും ഉള്‍പ്പെടുന്നു. ആധുനിക നിലവാരത്തിലുള്ള ഫര്‍ണിച്ചറുകളും ഓഫീസില്‍ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഓഫീസില്‍ കയറുന്നതിനായി പ്രത്യേക റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു ശുചിമുറിയും അവര്‍ക്കായി ക്രമീകരിച്ചു.

ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു

    വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും  ഉപയോഗപ്പെടുത്തിയാണ് റവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. 807.98 കോടിയാണ് ഡിജിറ്റല്‍ സര്‍വ്വേയ്ക്കായി വകയിരുത്തിയത്. അതില്‍ 438 കോടി ഉപയോഗിച്ച് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങിക്കഴിഞ്ഞു. സര്‍വ്വേ  നടപടികള്‍ക്കായി ജൂലൈ, ആഗസ്റ്റ് മസത്തോടെ 4700 താല്‍ക്കാലിക ജീവനക്കാരെയാണ് നിയോഗിക്കുന്നത്. നിലവില്‍ പൂര്‍ത്തീകരിച്ചതും ഇപ്പോള്‍ സര്‍വ്വേ നടന്നുകൊണ്ടിരിക്കുന്നതുമായ വില്ലേജുകള്‍ കഴിച്ച് നാല് വര്‍ഷം കൊണ്ട് 1550 വില്ലേജുകളിലെയും ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അവകാശികളില്ലാത്ത ഭൂമി കേരളത്തില്‍ ഉണ്ടാകില്ല. 

ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ 
20 ഫയലുകള്‍ തീര്‍പ്പാക്കി ഉത്തരവ് കൈമാറി 

    
    റവന്യു ഫയല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് പരിധിയില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച  20 ഫയലുകളുടെ അന്തിമ ഉത്തരവ്  അപേക്ഷകര്‍ക്ക് കൈമാറി. ഭൂമി തരംമാറ്റല്‍, അവകാശ പോക്കുവരവ് വിഭാഗത്തില്‍പ്പെട്ട ഫയലുകളാണ് തീര്‍പ്പാക്കി അപേക്ഷകര്‍ക്ക് മന്ത്രി കെ.രാജന്‍ നല്‍കിയത്. 

    കീരംപാറ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. ദാനി, റഷീദ സലിം, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍. അനി, താലൂക്ക് തഹസില്‍ദാര്‍മാരായ റേച്ചല്‍ കെ. വര്‍ഗീസ്, കെ.എം നാസര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, ലിസി ജോസഫ്,  ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ 
സിനി ബിജു, ജിജോ ആന്റണി, മഞ്ജു സാബു, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ റോബര്‍ട്ട് വി. തോമസ് , വില്ലേജ് ഓഫീസര്‍ വി.ആര്‍ മഞ്ജുഷ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date