Skip to main content
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ജലജീവന്‍ മിഷന്‍, അമൃത് സരോവര്‍ പദ്ധതി, ഫയല്‍ അദാലത്ത്, കോവിഡ്, കോവിഡ് ഇതര അസുഖങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗം

കോവിഡിതര പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍  നടപടികള്‍ ശക്തമാക്കും: മന്ത്രി പി. രാജീവ് 

 

ജല്‍ ജീവന്‍ പദ്ധതി പഞ്ചായത്തുകളില്‍ 
സമയബബന്ധിതമായി നടപ്പിലാക്കണം

ഓപ്പറേഷന്‍ വാഹിനിയുടെ ഇതുവരെയുള്ള
പ്രവര്‍ത്തനം തൃപ്തികരം

    എറണാകുളം ജില്ലയില്‍ കോവിഡിതര പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ നടപടികള്‍ ശക്തമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, ജല്‍ജീവന്‍ മിഷന്‍, അമൃത് സരോവര്‍ പദ്ധതി, കോവിഡ്, കോവിഡിതര രോഗങ്ങള്‍, ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം തുടങ്ങിയ വിഷങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പ്ലാനിങ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥവരുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

    ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങള്‍ തുടങ്ങിയ കോവിഡ് ഇതര പകര്‍ച്ചവ്യാധികളുടെ വര്‍ധന കണക്കിലെടുത്താണ് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.  ഇതിനായി ജനകീയ ക്യാംപയിന്‍ ജില്ലയിലാകെ സംഘടിപ്പിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആയി ആചരിക്കും. വെള്ളിയാഴ്ച സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും, ശനിയാഴ്ച ഓഫീസുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചും, ഞായറാഴ്ച വീടുകള്‍ കേന്ദ്രീകരിച്ചുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്.  കൊതുകുകള്‍ ഉണ്ടാകുന്ന ഉറവിടത്തെ നശപ്പിക്കുകയാണ് ഇതില്‍ പ്രധാനം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനകീയ ക്യാംപയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. 

    മണ്‍സൂണ്‍ മഴ വര്‍ധിക്കുന്നത് കണക്കിലെടുത്തുള്ള പ്രവര്‍ത്തങ്ങള്‍ ജില്ലയില്‍ നല്ലരീതില്‍ നടക്കുന്നുണ്ട്. 
രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴയാറിന്റെയും പെരിയാറിന്റെയും കൈവഴികളിലെ മാലിന്യങ്ങള്‍ നീക്കി ഒഴുക്ക് സുഗമമാക്കാന്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ വാഹിനി പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പദ്ധതി എറണാകുളം ജില്ലയില്‍ മാത്രമാണു നടപ്പിലാക്കിയതെന്നും പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം നീക്കം ചെയ്ത ചെളിയും മണ്ണും ലേലം ചെയ്യുന്നത് സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് യോഗത്തില്‍ അറിയിച്ചു.  

    കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കായി സ്ഥലം ലഭ്യമാക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനായി ഒരു കോര്‍കമ്മിറ്റി രൂപീകരിച്ച് തടസങ്ങള്‍ നീക്കാന്‍ ധാരണയായി. സ്ഥലം ലഭ്യമായ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ച് എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കും. മറ്റ് പഞ്ചായത്തുകളില്‍ സ്ഥലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. 

    അമൃത് സരോവര്‍ പദ്ധതിയും യോഗത്തില്‍ ചര്‍ച്ചയായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധിതിയാണ് അമൃത് സരോവര്‍. ഒരു ജില്ലയില്‍ 75 ജലാശയങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥലലഭ്യതയുടെ പ്രശ്നവും മറ്റ് സാഹചര്യങ്ങളും മൂലം ജില്ലയില്‍ പുതിയവ നിര്‍മ്മിക്കാന്‍ പരിമിതികളുള്ളതിനാല്‍ നിലവിലുള്ള ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് നീങ്ങുന്നത്. ഇതിനായി 66 ജലാശയങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. രണ്ടെത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്.

    സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ജില്ലയിലെ പുരോഗതിയും യോഗം വിലയിരുത്തി. ജൂണ്‍ 15ന് ആരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 44265 ഫയലുകളാണു തീര്‍പ്പാക്കയതെന്ന് കളക്ടര്‍ അറിയിച്ചു. ജൂലൈ 3, ഞായറാഴ്ച അവധി ദിവസമാണെങ്കിലും ഫയല്‍തീര്‍പ്പാക്കലിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കും.  ഞായറാഴ്ച മാത്രം ജില്ലയില്‍ 16,000 ഫയലുകള്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. 

    ജില്ലയിലെ കോവിഡ് സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വേണ്ടത്ര ക്രമീകരണങ്ങളെല്ലാം ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എം.എല്‍.എമാരായ അനൂപ് ജേക്കബ്, ആന്റണി ജോണ്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി സിറ്റി ഡെപ്യുട്ടി പോലീസ് കമ്മീഷ്ണര്‍ യു.വി കുര്യാക്കോസ്, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date