Skip to main content

വെള്ളാവൂർ പുല്ലിടുംകുന്ന് കോളനിയിൽ കുടിവെള്ളമെത്തി; ഒന്നാംഘട്ടം പൂർത്തീകരിച്ചു

മണിമല: വെള്ളാവൂർ പതിമൂന്നാംവാർഡിലെ പുല്ലിടുംകുന്ന് കോളനിയിൽ കുടിവെള്ളം എത്തിച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്തും ഭൂഗർഭജല വകുപ്പും. നിലവിൽ 10 കുടുംബങ്ങൾക്കും അടുത്ത ഘട്ടത്തിൽ 20 കുടുംബങ്ങൾക്കും വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് സഫലീകരിച്ചത്.
മണിക്കൂറിൽ 15000 ലിറ്റർ വെള്ളം വരെ പമ്പ് ചെയ്യാവുന്ന കുഴൽ കിണറിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 പദ്ധതി പ്രകാരം അനുവദിച്ച 5,96,000 രൂപ ഉപയോഗിച്ച് കുഴൽ കിണർ നിർമാണവും ത്രീ ഫെയ്‌സ് വൈദ്യുതി കണക്ഷനും പൈപ്പ് കണക്ഷനും പൂർത്തീകരിച്ചു. പദ്ധതി പ്രകാരം 20000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് നിർമാണം നേരത്തേ പൂർത്തീകരിച്ചിരുന്നു. രണ്ടാംഘട്ടത്തിനായി ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും 6,20,000 രൂപ അനുവദിച്ചു. പദ്ധതി പൂർത്തിയാവുന്നതോടെ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശത്തിന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ശ്രീജിത്ത് വെള്ളാവൂർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ആനന്ദവല്ലി ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയകുമാർ, പി.റ്റി. അനൂപ്, മുൻ ഭരണസമിതി അംഗങ്ങളായ സുമ ഷിബുലാൽ, സരസ്വതി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ കാപ്ഷൻ

വെള്ളാവൂർ പതിമൂന്നാംവാർഡിലെ പുല്ലിടുംകുന്ന് കോളനിയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തും ഭൂഗർഭജല വകുപ്പും ചേർന്ന് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം   സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്   പൈപ്പിൽനിന്ന് കുടിവെള്ളം ശേഖരിച്ച് കുടം വീട്ടമ്മയ്ക്ക് നൽകുന്നു.

(കെ.ഐ.ഒ.പി.ആര്‍ 1560/2022)

date