Skip to main content

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം  

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം  

-അഡ്വ. പി. സതീദേവി

തിരൂരില്‍ നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് 22 പരാതികള്‍

വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പടുത്തുന്നതിലൂടെ കമ്മീഷന് മുന്നിലെത്തുന്ന മിക്ക പരാതികളും പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരൂര്‍ കോരങ്ങത്തെ ഇം.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത്, അതിര്‍ത്തി തര്‍ക്കങ്ങള്‍ വരെ കമ്മീഷന് മുന്നില്‍ പരാതിയായി എത്തുന്ന സാഹചര്യമാണുള്ളത്. സിവില്‍ കോടതികളുടെ അധികാര പരിധിയിലുള്ള കേസുകളാണിവ. ഇത്തരം കേസുകള്‍ വാര്‍ഡ് തലത്തില്‍ തന്നെ തീര്‍പ്പാക്കുന്നതിന് ജാഗ്രതാ സമിതികള്‍ക്ക് കഴിയണം. ആവശ്യമെങ്കില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി സൗജന്യ നിയമ സഹായവും ഉറപ്പ് വരുത്തണം. ഇതിലൂടെ കമ്മീഷന് മുന്നില്‍  പരാതികള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും അവര്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷന്‍ അംഗം ഇ.എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ആകെ 83 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. 22 പരാതികള്‍ തീര്‍പ്പാക്കിയപ്പോള്‍ 10 പരാതികള്‍ പൊലീസ് അന്വേഷണത്തിനായി കൈമാറി. ശേഷിക്കുന്ന 51 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. ബീന കരുവാത്ത്, കൗണ്‍സിലര്‍ ശ്രുതി നാരായണന്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date