Skip to main content

പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ വഖഫ് ഭൂമി പ്രശ്‌നം; ഉന്നതതല യോഗം ഉടൻ : മന്ത്രി കെ രാജൻ

 

വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിന് മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉന്നതതല യോഗം സഭാസമ്മേളനത്തിന്റെ ഇക്കാലയളവിൽ തന്നെ വിളിച്ചു ചേർക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിഷയം നിയമസഭയിൽ ഉന്നയിച്ച കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ വളരെ ഗൗരവത്തോടെയാണ് വിഷയം പരിഗണിക്കുന്നതെന്നും പ്രദേശവാസികളുടെ ക്ഷേമത്തിന് യോജിച്ച നടപടികൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും  മന്ത്രി പറഞ്ഞു.

കൊച്ചി താലൂക്കിന് കീഴിൽ വരുന്ന 404 ഏക്കർ 76 സെന്റ് ഭൂമിയിൽ തീറാധാരത്തിന്റെ പിൻബലത്തോടെ പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ എണ്ണൂറിൽപ്പരം കുടുംബങ്ങളുടെ കരമടവും കൈവശരേഖ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള സമാന റവന്യൂ ഇടപാടുകൾ പൊടുന്നനെ നിർത്തിവച്ച സാഹചര്യമാണ് നിലവിൽ. നിശ്ചിത ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട്  2022 ജനുവരി 13നു വഖഫ് ബോർഡ് നൽകിയ കത്തിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്.

വർഷങ്ങളായി കൈവശംവച്ച് കരമടച്ചുപോരുന്ന എണ്ണൂറിൽപ്പരം കുടുംബങ്ങളിലെ താമസക്കാർ കടുത്ത ജീവിതപ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കരമടച്ച രസീതും കൈവശാവകാശ രേഖയും മുഖേന വായ്‌പയെടുത്തും മറ്റും വിദ്യാഭ്യാസം, വീടുനിർമ്മാണം, ചികിത്സ  തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാനാകാത്ത ദയനീയ സ്ഥിതിയിലാണ് പ്രശ്‌നബാധിതർ.

ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കൂലിവേല ചെയ്യുന്നവരുമായ ഇവർ തെരുവാധാരമാക്കപ്പെടുമെന്ന ആശങ്കയിലാണ്.  ഈ സാഹചര്യം കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെയും തന്നെയും വഖഫ് ബോർഡ് മന്ത്രി വി അബ്‌ദു റഹിമാനെയും നേരിൽക്കണ്ട് വിശദീകരിക്കുകയും രേഖാമൂലം അപേക്ഷ നൽകുകയും ചെയ്‌തിരുന്നെന്നും മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.

date