Skip to main content

എലിക്കുളം നാട്ടുചന്ത നാലാംവർഷത്തിലേക്ക്

കോട്ടയം: പ്രതിസന്ധികൾ മറികടന്ന് എലിക്കുളം നാട്ടുചന്തയുടെ പ്രവർത്തനം നാലാം വർഷത്തിലേക്ക്. കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, തളിർ പച്ചക്കറി ഉത്പാദക സംഘം എന്നിവയുടെ മേൽനോട്ടത്തിലാണ് കുരുവിക്കൂടിൽ എല്ലാ വ്യാഴാഴ്ചയും നാട്ടുചന്ത സംഘടിപ്പിക്കുന്നത്. 

കാന്താരി മുതൽ കറവപ്പശു വരെ എന്തും കർഷകർക്ക് നേരിട്ട് വിപണനം നടത്താമെന്നതാണ് എലിക്കുളം ചന്തയുടെ പ്രത്യേകത. എത്ര കുറഞ്ഞ അളവിലും കൂടിയ അളവിലും വിപണനം നടത്താം. ലോക്ഡൗൺ കാലത്ത് എല്ലാ കടകളും അടച്ചിട്ടപ്പോൾ നാട്ടുചന്ത പ്രവർത്തകർ കർഷകരുടെ വീടുകളിലെത്തി ഉത്പന്നങ്ങൾ വാങ്ങി ആവശ്യക്കാർക്ക് കൊടുത്ത് പണം കർഷകരുടെ വീട്ടിലെത്തിച്ചു. കോവിഡ് കാലത്തും മുടങ്ങാതെ പ്രവർത്തിക്കാനായത് പ്രദേശത്തെ കർഷകർക്ക് ഏറെ ആശ്വാസമേകിയിരുന്നു. 

ചക്ക, പപ്പായ കാന്താരിമുളക്, കായക്കുല, പച്ചക്കറികൾ, കാർഷിക വിളകൾക്ക് പുറമെ പശു, കോഴി, വീട്ടിലെ കുളങ്ങളിൽ വളർത്തുന്ന മീനുകൾ എന്നിവയും ഇവിടെ വിൽപ്പനയ്ക്കെത്തുന്നുണ്ട്. വീട്ടമ്മമാർ തയാറാക്കുന്ന വിവിധതരം അച്ചാറുകൾ, അടുക്കള ആവശ്യത്തിനായുള്ള പൊടികൾ എന്നീ മൂല്യവർധിത ഉത്പന്നങ്ങളും ചന്തയിലൂടെ വിറ്റഴിക്കുന്നു. നാടൻ മഞ്ഞൾ, ഇഞ്ചി, ചുക്ക് എന്നിവ നേരിട്ട് വാങ്ങാൻ ആയുർവേദ മരുന്നു കമ്പനികളും ചന്തയിലേക്ക് എത്തുന്നുണ്ട്.
1500 കിലോ ഏത്തക്കുല വരെ ചന്ത ദിവസങ്ങളിൽ കച്ചവടം നടത്താറുണ്ട്. എലിക്കുളം പഞ്ചായത്തിലെ തളിർ പച്ചക്കറി ഉത്പാദക സംഘത്തിലെ 250 കർഷകരുടെ നേതൃത്വത്തിലാണ് നാട്ടു ചന്തയുടെ പ്രവർത്തനം. കർഷകർ പറയുന്ന വിലയ്ക്കാണ് ഉത്പ്പന്നങ്ങൾ വിൽക്കുന്നത്. വിൽക്കുന്ന തുകയുടെ അഞ്ചു ശതമാനം ചന്തയുടെ ഭരണസമിതിക്ക് ലഭിക്കും. ചന്തയുടെ പ്രവർത്തനത്തിനായാണ് ഇതു വിനിയോഗിക്കുക. വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ പ്രസിഡന്റായും ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ സെക്രട്ടറിയായുമുള്ള ഭരണസമിതിയാണ്
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നാട്ടു ചന്തയിൽ നടന്ന മൂന്നാം വാർഷികാഘോഷം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ നിസ ലത്തീഫ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിത്സൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോൾ, ദീപാ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, യമുന പ്രസാദ്, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ് കെ. കരുണാകരൻ, എലിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ, ഭാരവാഹികളായ വിത്സൻ പാമ്പൂരി, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, സെബാസ്റ്റ്യൻ ഞാറയ്ക്കൽ, രാജു അമ്പലത്തറ, സോണിച്ചൻ ഗണപതി പ്ലാക്കൽ, സാബിച്ചൻ പാംപ്ലാനിയിൽ, ശശിധരൻ കുരുവിക്കൂട് എന്നിവർ പങ്കെടുത്തു.

ഫോട്ടോകാപ്്ഷൻ

എലിക്കുളം നാട്ടുചന്തയുടെ മൂന്നാം വാർഷികാഘോഷം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കലിന് കരിക്കിൻ കുല നൽകി മാണി സി. കാപ്പൻ എം.എൽ.എ.  നിർവഹിക്കുന്നു.

 

(കെ.ഐ.ഒ.പി.ആര്‍ 1594/2022)

date